
4 കോടി രൂപ വരുന്ന ബ്രിട്ടീഷ് ആഡംബര എസ്യുവി സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്. ഇന്‍സ്റ്റഗ്രാം റീല്‍ വഴിയാണ് പുതിയ വിശേഷം താരം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. വില കൂടിയ ആഡംബര വാഹനങ്ങളോട് താരത്തിന് വലിയ കമ്പമാണ്. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് താരത്തിന്റെ ഗാരേജിലേക്ക് എത്തിയിരിക്കുന്ന പുതിയ അതിഥി. ധവാന് സ്വന്തമാക്കിയിരിക്കുന്നത് ഏത് വേരിയന്റാണെന്ന് വ്യക്തമല്ല. എങ്കിലും റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റിന് 3.5 കോടി രൂപയും ഏറ്റവും ഉയര്‍ന്ന മോഡലിന് 4 കോടി രൂപയുമാണ് വില വരുന്നത്.
ഒരു റേഞ്ച് റോവറില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഫീച്ചര്‍ സമ്പന്നമായാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് വാഹനത്തിന്റെ പുതിയ ക്യാബിന് ഒരുക്കിയിരിക്കുന്നത്. മെറിഡിയനില്‍ നിന്നുള്ള 35-സ്പീക്കര്‍ സൗണ്ട് സിസ്റ്റവമാണ് എടുത്തു പറയേണ്ട ഒന്ന്. അതോടൊപ്പം തന്നെ വീല്‍ വൈബ്രേഷനുകള്‍, എഞ്ചിന് ശബ്ദം, ടയര്‍ ശബ്ദം, റോഡ് ശബ്ദം, മറ്റ് ആംബിയന്റ് ശബ്ദങ്ങള്‍ എന്നീ ശബ്ദ തരംഗത്തെ എതിര്‍ക്കുന്ന ആക്റ്റീവ് നോയ്സ് ക്യാന്സലേഷന് സാങ്കേതികവിദ്യയും റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയില്‍ ഒരുക്കിയിട്ടുണ്ട്. സമഗ്രമായ വാഹന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 13.1 ഇഞ്ച് കൂറ്റന്‍ സ്ക്രീനും യാത്രകളില്‍ ഉപയോഗപ്രദമാണ്. ഫ്ലോട്ടിംഗ്-ടൈപ്പ്, ഓള്-ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ റേഞ്ച് റോവര്‍ അവതരിപ്പിക്കുന്നു.
പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളോടെ പുതിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കാനാവും. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ പെട്രോള്‍ മോഡലുകള്‍ക്ക് 523 bhp കരുത്തില്‍ പരമാവധി 750 Nm torque വരെ നല്കുന്ന 4.4 ലിറ്റര്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. അതേസമയം ഡീസല്‍ വേരിയന്റുകള്‍ 346 bhp പവറില്‍ 700 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഗിയര്‍ബോക്സ് ഓപ്ഷനില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നത്. മാനുവല്‍ ഓപ്ഷന് എസ്യുവിയിലില്ല. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുറമെ ധവാന്റെ ഗരാജില്‍ മെര്‍സിഡീസ്-ബെന്‍സ് G-ക്ലാസ്, ബിഎംഡബ്ല്യു M8 പോലുള്ള ലക്ഷ്വറി വാഹനങ്ങളുമുണ്ട്.






