
കടയില്‍ നിന്ന് സ്ഥിരമായി പണം മോഷണം പോയതോടെ അന്വേഷണത്തിന് ഇറങ്ങിയ ഉടമ കള്ളനെ കയ്യോടെ പിടികൂടി. എന്നാല്‍ ഈ കള്ളന് ആരെന്ന് അറിയുമ്പോഴാണ് ആരും ഞെട്ടുന്നത്. ഒരു കുഞ്ഞന്‍ എലിയായിരുന്നു മോഷണത്തിന് ഇറങ്ങിയത്. മാത്രമല്ല എലിയുടെ മാളത്തില്‍ നിന്ന് 1500 രൂപയും ഉടമ വീണ്ടെടുത്തു. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ പഴക്കച്ചവടം നടത്തുന്ന മഹേഷിന്റെ കടയിലാണ് സ്ഥിരമായി മോഷണം നടന്നിരുന്നത്.
മഹേഷ് കഴിഞ്ഞ കുറച്ച് നാളുകളായി കള്ളനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. കച്ചവടം നടത്തി കിട്ടുന്ന പണം പതിവായി മോഷണം പോയതോടെയാണ് കള്ളനെ തേടി മഹേഷ് ഇറങ്ങിയത്. കച്ചവടം കഴിഞ്ഞ് കിട്ടുന്ന പണമെല്ലാം മഹേഷ് കടയിലെ ക്യാഷ് ഡ്രോയറിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഡ്രോയറിലെ പണം കുറഞ്ഞ് വരുന്നത് മഹേഷിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പണം ആരോ മോഷ്ടിക്കുന്നുണ്ടെന്ന സംശയം തോന്നിയത്. എന്നാല്‍ പുറത്ത് നിന്നൊരാള്‍ മോഷണം നടത്തിയതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മഹേഷ് കള്ളനെ പിടിക്കാന്‍ കടയില്‍ സിസിടിവി സ്ഥാപിച്ചത്. ക്യാഷ് ഡ്രോയറിന്റെ തൊട്ടുമുകളിലായാണ് ക്യാമറ ഘടിപ്പിച്ചത്. ശേഷം കുറച്ച് നോട്ടുകള്‍ മഹേഷ് മനപൂര്‍വ്വം ഡ്രോയറിലിട്ടു. പിറ്റേന്നും പതിവുപോലെ മഹേഷ് കട തുറന്നു. ഡ്രോയറില്‍ സൂക്ഷിച്ച പണം അന്നും മോഷണം പോയിരുന്നു.
മഹേഷ് ഉടന്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് ഒരു എലിയാണ് തന്റെ പണം മോഷ്ടിക്കുന്നതെന്ന് മഹേഷിന് മനസിലായത്. ഡ്രോയറില്‍ പണം മാത്രമല്ല ഉണ്ടായിരുന്നത്. കുറച്ച് ആപ്പിളും ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ എലി അതൊന്നും തൊട്ടു നോക്കുക പോലും ചെയ്തിട്ടില്ല. ക്യാഷ് ഡ്രോയറില്‍ നിന്ന് പണം മാത്രമാണ് എലി മോഷ്ടിച്ചത്. ഇതോടെ കടയിലെ എല്ലാ സാധനങ്ങളും മാറ്റി മഹേഷ് കള്ളനെ പിടിക്കാനുള്ള തെരച്ചില്‍ ആരംഭിച്ചു.
ഈ തിരച്ചിലില്‍ കടയ്ക്കുള്ളില്‍ എലിയുടെ ഒരു മാളം മഹേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതിനുള്ളില്‍ കുറെയധികം നോട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഒരൊറ്റ നോട്ട് പോലും എലി കടിച്ചുകീറിയിരുന്നില്ല. ഏകദേശം 1500 രൂപയോളം എലി തന്റെ മാളത്തില്‍ സൂക്ഷിച്ചിരുന്നു. ഈ പണം തിരിച്ചെടുത്ത മഹേഷ് ഉടന്‍ തന്നെ ആ മാളം അടയ്ക്കുകയും ചെയ്തു.






