
പള്ളിക്ക് പുറത്ത് ഖുര്‍ആന്‍ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി നല്കി സ്വീഡിഷ് അതോറിറ്റികള്‍. സംഘാടകര്‍ ഈദ് അല്‍ അദ്ഹയോട് അനുബന്ധിച്ചാണ് ഈ പ്രകടനത്തിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഈ നീക്കം നാറ്റോയില്‍ ചേരാനുള്ള സ്വീഡന്റെ സാധ്യതകളെ ബാധിക്കുന്നതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു പ്രകോപനപരമായ പ്രതിഷേധം അനുവദിക്കാനുള്ള തീരുമാനം സ്വീഡനോടുള്ള തുര്‍ക്കിയുടെ എതിര്‍പ്പിന്റെ ആക്കം കൂട്ടുമെന്ന് വ്യക്തമാക്കുന്നു.
കുര്‍ദിഷ് അവകാശങ്ങള്‍ക്ക് വേണ്ടിയും മറ്റും സ്വീഡനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ തുര്‍ക്കിയുമായുള്ള ബന്ധം ഇതിനോടകം തന്നെ മോശമാക്കിയിട്ടുണ്ട്. സ്വീഡന് നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ പ്രവേശനം നേടണമെങ്കില്‍ തുര്‍ക്കിയുടെ പിന്തുണ ആവശ്യവുമാണ്. സമീപകാലത്തെ ഖുര്‍ആന്‍ വിരുദ്ധ പ്രകടനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ അടുത്തിടെ സ്വീഡിഷ് പോലീസ് നിരസിച്ചിരുന്നു. എന്നാല്‍ കോടതി അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ തീരുമാനങ്ങള്‍ അസാധുവാക്കി.
എന്നാല്‍ ബുധനാഴ്ച നടക്കുന്ന പ്രതിഷേധത്തില്‍ സംഘാടകനായ സല്വാന് മോമിക ഉള്‍പ്പെടെ രണ്ട് പേര് മാത്രമേ പങ്കെടുക്കൂ എന്നാണ് സ്റ്റോക്ഹോം പോലീസിന്റെ അറിയിപ്പ്. സല്വാന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഖുര്‍ആന്‍ നിരോധിക്കാന്‍ ശ്രമിക്കുന്ന ഇറാഖി അഭയാര്‍ത്ഥി എന്നാണ് സ്വയം വിശേഷിപ്പിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ഡാനിഷ് തീവ്ര വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ നേതാവ് റാസ്മസ് പലുദാന് സ്റ്റോക്ക്ഹോമിലെ തുര്‍ക്കി എംബസിക്ക് സമീപം ഖുര്‍ആന്‍ കത്തിച്ചിരുന്നു.






