
ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലര്‍ ദ്വീപിലായിരുന്നു പരീക്ഷണം.
2012 ഏപ്രിലില്‍ ആണ് ഇന്ത്യ ആദ്യമായി അഗ്നി അഞ്ച് പരീക്ഷിച്ചത്. പിന്നീട് 2013 സെപ്റ്റംബറിലും 2015 ുവരിയിലും പരീക്ഷണം ആവര്‍ത്തിച്ചു. ആണവ വാഹക ശേഷിയുള്ള അഗ്നി 5 ന്റെ നാലാമത്തെ വിക്ഷേപണമാണ് ഇന്ന് നടന്നത്.
അഗ്നി-5 മിസൈല്‍ റെയില്‍ വാഹനത്തിലും പടുക്കൂറ്റന്‍ ട്രക്കിന്റെ ട്രെയിലറില്‍ ഘടിപ്പിച്ചും സ്ഥാനം മാറ്റാം. കനിസ്റ്റിനുള്ളില് ഒളിപ്പിച്ച് കൊണ്ടുപോകുമ്പോള്‍ ശത്രു ഉപഗ്രഹങ്ങള്‍ക്ക് ഇതിന്റെ സ്ഥാനം കണ്ടെത്താനാകില്ലെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയുടെ ഏത് കോണില്‍ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയും അഗ്നി-5 നുണ്ട്.
50 ടണ്‍ ഭാരവാഹക ശേഷിയുള്ള മിസൈലിന് 17 മീറ്റര്‍ നീളവും 2 മീറ്റര്‍ വിസ്താരവുമുണ്ട്. 5,000 കിലോമീറ്ററാണ് ദൂരപരിധി. അഗ്നി ശ്രേണിയിലെ മറ്റ് മിസൈലുകളില്‍ നിന്നും വ്യത്യസ്തമായി അഗ്നി 5 ല്‍ ഗതി നിര്‍ണ്ണയത്തിനും ആയുധ ശേഖരത്തിനും നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ചിട്ടുണ്ട്.






