
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ ആറു ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കോട്ടയം, കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമായി അനേകം സ്ഥലങ്ങളില്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തു.
കാസര്‍ഗോഡ് ജില്ലയില്‍ കോളേജുകള്‍ ഒഴികെയുളള സ്ഥാപനങ്ങള്‍ക്കാണ് അവധി. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ അംഗന്‍വാഡി മുതല്‍ കോളേജുകള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് മാത്രമാണ് അവധി നല്‍കിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തമഴയില്‍ ഏറ്റവും ദുരിതം നേരിടുന്നത് ആലപ്പുഴയിലാണ്. ആലപ്പുഴജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിനടിയിലാണ്. തലവടി പഞ്ചായത്തില്‍ നൂറിലധിസം വീടുകളില്‍ വെള്ളംകയറി. തോട്ടപ്പള്ളിയില്‍ പൊഴി മുറിക്കുന്നതിനിടയില്‍ വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ബീഹാര്‍ സ്വദേശി രാജ്കുമാറാണ്. പൊഴിമുറിക്കുന്നതിനിടയില് കാറ്റിലും മഴയലും പെട്ട് രാജ്കുമാര് സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു.
മലപ്പുറം നിലമ്പൂരില്‍ ഒരു കുടുംബത്തിലെ രണ്ടുപേരെ പുഴയില്‍ കാണാതായി. നിലമ്പൂര്‍ അമരമ്പലത്താണ് സംഭവം. ക്ഷേത്രത്തില്‍ പുലര്‍ച്ചെ ബലിയിടാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. സുശീല (50), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്. മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു.
പമ്പ, മണിമല, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നു. ഒരു ഷട്ടര്‍ 15 സെന്റിമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ 150 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവശിവക്ഷേത്രത്തില് വെളളം കയറിയിട്ടുണ്ട്. മിക്കവാറും എല്ലാജില്ലകളിലും തന്നെ ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ കോഴിക്കോട് ജില്ലകളിലെ തീരദേശപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.





