
നാടോടികള്ക്കിടയില് നിന്നാണ് ഫിലിപ്പോസ് മാര് ക്രിസോസ്റ്റം തിരുമേനി സുബ്രഹ്മണ്യനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്ത്തിയത്. താമസിക്കാന് വീട്. ജോലി. സ്നേഹിക്കാന് ഒരു പങ്കാളിയും. ഈ ക്രിസ്മസ് കാലത്ത് ഒരു നല്ല വര്ത്തമാനം കേള്ക്കുക. തിരുവല്ലയില്നിന്ന്.
ഓര്ക്കാനിഷ്ടപ്പെടാത്ത ഒരു കുട്ടിക്കാലമുണ്ട്, സുബ്രഹ്മണ്യന്. തിരുവല്ല നഗരത്തിലൂടെ പിച്ചതെണ്ടിയും പാട്ടപെറുക്കിയും നാടോടികള്ക്കിടയിലായിരുന്നു അവന്റെ ജീവിതം. അതിനിടയില് നിന്നാണ് ഫിലിപ്പോസ് മാര് ക്രിസോസ്റ്റം തിരുമേനി സുബ്രഹ്മണ്യനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.
ലോട്ടറി വില്ക്കാന് തിരുമേനി അവന് സൈക്കിള് വാങ്ങിച്ചുകൊടുത്തു. താമസിക്കാന് വീട് വെച്ചുകൊടുത്തു. ജോലി നല്കി. ഏറ്റവുമൊടുവില് വിവാഹവും. ഭാര്യ ആന്സിക്കൊപ്പം തിരുവല്ല ഞക്കുവള്ളിയിലെ വീട്ടില് സന്തോഷത്തോടെ കഴിയുന്ന സുബ്രഹ്മണ്യന് കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു.
അമ്മയ്ക്കൊപ്പം തിരുവല്ലയിലേക്ക്
ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്, ഏഴിമലയ്ക്കടുത്ത് ബോഡവാലാപള്ളിയാണ് എന്റെ ജന്മദേശം. സിദ്ധയ്യയുടെയും ചന്ദ്രമ്മയുടെയും ആറുമക്കളില് ഏറ്റവും ഇളയവന്.
സരോജ, അയ്യപ്പന്, സുബ്രഹ്മണ്യന്, ശാരദ, മല്ലിക എന്നിവരാണ് സഹോദരങ്ങള്. ഒരു ദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന ശാരദച്ചേച്ചിയെയും മല്ലികച്ചേച്ചിയെയും കാണാതായി.
രാത്രി മുഴുവന് തെരഞ്ഞുനടന്നു. ആഴ്ചകളോളം കാത്തിരുന്നു. അവര് വന്നില്ല. ദിവസങ്ങള് കഴിഞ്ഞപ്പോഴാണ് മനസ്സിലായത്, പിള്ളേരുപിടുത്തക്കാര് കൊണ്ടുപോയെന്ന്. ഏഴിമലക്കാട്ടില് മുള കൊണ്ട് കൊട്ടയുണ്ടാക്കുകയാണ് അമ്മയുടെ ജോലി. അതില് നിന്നു കിട്ടുന്ന കാശ് കൊണ്ട് കുടുംബം പോറ്റും.
അച്ഛനും അമ്മയും മിക്കപ്പോഴും വഴക്കിടുമായിരുന്നു. അതിനുശേഷം മാസങ്ങളോളം പിണങ്ങി ജീവിക്കും. വീണ്ടും ഒന്നാവും. അമ്മയുടെ ചേച്ചി താമസിക്കുന്നത് കര്ണ്ണാടകത്തിലാണ്. ഒരു ദിവസം അവിടെ നിന്നും ഒരു കത്തുവന്നു.
''ഞങ്ങള്ക്കിവിടെ പട്ടിണിക്കാലമാണ്. ജീവിക്കാന് വേറെ ഗതിയില്ല. സഹായിക്കണം.''
അമ്മയ്ക്ക് സങ്കടമായി. തൊട്ടടുത്തുള്ള ചേച്ചിയില് നിന്ന് 500 രൂപ കടം വാങ്ങി മണിയോര്ഡര് അയച്ചുകൊടുത്തു. പണം തീര്ന്നപ്പോള് അമ്മയുടെ ചേച്ചിയും മക്കളും എന്റെ വീട്ടിലേക്ക് വന്നു. ഞങ്ങള്ക്കാര്ക്കും വിദ്യാഭ്യാസമില്ലാത്തതിനാല് പറ്റിക്കാന് എളുപ്പമാണ്.
അമ്മയ്ക്കൊപ്പം നിഴല്പോലെ നടന്ന ചേച്ചിയും മക്കളും ഞങ്ങളുടെ വീടും സ്വത്തും കൈവശപ്പെടുത്തി. അതോടെ ഞങ്ങള് പുറത്തായി. പിന്നീട് വാടകവീട്ടിലായി താമസം.
ആ സമയത്താണ് രോഗവും ദുരിതവും പിടികൂടിയത്. എന്റെ മൂത്ത സഹോദരന്മാര് പോഷകാഹാരക്കുറവ് മൂലം മരിച്ചു. അതിനുശേഷമാണ് അമ്മ എന്നെ പ്രസവിച്ചത്. മൂത്ത ചേട്ടന്റെ പേരുതന്നെ എനിക്കുമിട്ടു. സുബ്രഹ്മണ്യന്.
അമ്മയ്ക്ക് പുറത്തൊരു മുഴ വന്നപ്പോള് പണിക്ക് പോകാന് കഴിയാതായി. അതോടെ വീണ്ടും പട്ടിണിയില്. ആ സമയത്താണ് സരോജം ചേച്ചി തൊട്ടടുത്തുള്ള ശ്രീഹരിച്ചേട്ടനൊപ്പം ഒളിച്ചോടിയത്. അമ്മയ്ക്ക് അത് വലിയൊരു ഷോക്കായി. മുഴയുടെ വേദന കൊണ്ട് പുളഞ്ഞ അമ്മയുടെ ശുശ്രൂഷ കുട്ടിയായ ഞാന് ഏറ്റെടുത്തു.
എവിടെയും പോകാതെ ഞാന് അമ്മയ്ക്കൊപ്പമിരുന്നു. ദുരിതകാലം വരുമ്പോള് ഒരിക്കലും അച്ഛനെ സഹായത്തിന് കിട്ടാറില്ല. അസുഖമൊക്കെ മാറിയതോടെ അച്ഛന് വീണ്ടുമെത്തി. രണ്ടുദിവസം കഴിഞ്ഞപ്പോള് അമ്മയുമായി വഴക്കായി.
ഇത്തവണ വഴക്കിന്റെ മൂര്ച്ച കൂടിയിരുന്നു. അതോടെ അമ്മ വീടുവിട്ടു. കാട്ട്പാടി റെയില്വേ സ്റ്റേഷനില് കരഞ്ഞിരിക്കുമ്പോഴാണ് പരിചയമുള്ള സ്ത്രീ അടുത്തേക്കുവന്നത്. അമ്മയോട് വിശേഷങ്ങള് ചോദിച്ചു.
''ഞങ്ങള് കേരളത്തിലേക്ക് പോവുകയാണ്. താല്പ്പര്യമെങ്കില് ചന്ദ്രമ്മയ്ക്കും ഒപ്പം കൂടാം.''
അന്ന് ഞാന് അഞ്ചാംക്ലാസിലാണ്.
അതുപോലും ആലോചിക്കാതെ, അച്ഛനോടുള്ള ദേഷ്യത്തിന് അമ്മ ആ നാടോടിസംഘത്തിനൊപ്പം നാടുവിട്ടു. തിരുവല്ലയിലാണ് അവരെത്തിയത്. അമ്മയില്ലാതെ വന്നപ്പോള് അച്ഛന് എന്നെ ചേച്ചിയുടെ വീട്ടിലെത്തിച്ചു. അവിടെയാണ് പഠിത്തം തുടര്ന്നത്.
അമ്മ ഇവിടെ നാടോടികള്ക്കൊപ്പം പിച്ചതെണ്ടി ജീവിച്ചു. മാസങ്ങള് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഞാന് ചേച്ചിയുടെ അടുത്താണെന്നറിഞ്ഞത്. അവിടെ വന്ന് വഴക്കിട്ടപ്പോള് ഞാന് അമ്മയ്ക്കൊപ്പം ഇറങ്ങിപ്പോന്നു. എന്നെയും കൊണ്ട് അമ്മ വീണ്ടും തിരുവല്ലയിലേക്ക്.
ജോലിചെയ്യാന് പഠിച്ച നാളുകള്
നാടോടികള്ക്കൊപ്പം ജീവിച്ചപ്പോള് അമ്മയ്ക്കൊരു ദുഃശ്ശീലം കിട്ടിയിരുന്നു. മദ്യപാനം. രാവിലെ മുതല് വൈകിട്ടുവരെ പിച്ചതെണ്ടും. കിട്ടുന്ന കാശുകൊണ്ട് വൈകിട്ട് കള്ളുകുടിയാണ്. പിന്നെ ബഹളംവയ്ക്കും.
തിരുവല്ല സ്റ്റേഡിയത്തിനടുത്തുള്ള മാവിന്ചുവട്ടിലായിരുന്നു താമസം. അമ്മയ്ക്കൊപ്പം ഞാനും പിച്ചതെണ്ടാന് തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോള് ഞാനൊറ്റയ്ക്ക് പോയിത്തുടങ്ങി. ഒരു ദിവസം ബസ്സില് കൈനീട്ടവേ, ഒരാള് എന്റെ കൈ തട്ടിമാറ്റി.
''കള്ളന്മാരാണ് ഇവരൊക്കെ. ഒറ്റയെണ്ണത്തിനെ വിശ്വസിക്കരുത്.''
അന്ന് മലയാളം അറിയില്ല. 'കള്ളന്' എന്നത് എന്തോ മോശം വാക്കാണെന്ന് മനസ്സിലായി. കൂടെയുള്ളവരോട് ചോദിച്ചപ്പോഴാണ് അര്ഥം പിടികിട്ടിയത്. എനിക്കത് വല്ലാത്ത സങ്കടമുണ്ടാക്കി. വൈകിട്ട് അമ്മ വന്നപ്പോള് ഞാന് പറഞ്ഞു-ഇനിയൊരിക്കലും ആരുടെ മുമ്പിലും ഞാന് കൈനീട്ടില്ല.
അതിന്റെപേരില് അമ്മ വഴക്ക് പറഞ്ഞെങ്കിലും തീരുമാനം മാറ്റിയില്ല. പിറ്റേ ദിവസം മുതല് ഞാന് ആക്രി പെറുക്കാന് തുടങ്ങി. വൈകിട്ട് ചില്ലറ കാശുകിട്ടും. അത് അമ്മയെ ഏല്പ്പിക്കും. എന്നെ എല്ലാദിവസവും കാണുന്ന ഒരാളുണ്ട്. കിരണ് ഇലക്ട്രോണിക്സിലെ കിരണ് സാര്. ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു-മോന് ഈ കടയില് നില്ക്കാന് പറ്റുമോ?
സമ്മതമാണെന്ന് പറഞ്ഞു. ദിവസം പത്തു രൂപയും രണ്ട് ചപ്പാത്തിയും. ഇത് കണ്ടപ്പോള് നാരങ്ങാക്കച്ചവടം നടത്തുന്ന ശശിയേട്ടന് ചോദിച്ചു-കുറച്ചുസമയം ഈ കടയിലും നില്ക്കാമോ? അവിടെ നിന്നും പത്തുരൂപ കിട്ടും. തൊട്ടടുത്ത മൊബൈല് ഷോപ്പുടമയായ നാസര്ക്ക ചോദിച്ചു-അതിരാവിലെ ഇവിടെയുള്ള കടകള് തൂത്തുതരാമോ? എല്ലാവരും ചേര്ന്ന് ചെറിയൊരു തുക തരാം.

അങ്ങനെയാണ് അതിരാവിലെ എല്ലാ കടകളും അടിച്ചുവാരിത്തുടങ്ങിയത്. അതോടെ വൈകുന്നേരമാവുമ്പോഴേക്കും നല്ലൊരു തുക കൈയില് വരും. പക്ഷേ എല്ലാം അമ്മ വാങ്ങിച്ചെടുക്കും. ഒരു ദിവസം രാവിലെ അടിച്ചുവാരുമ്പോഴാണ് ചാലക്കുഴിയിലെ റജിയമ്മ കണ്ടത്.
''സമയമുണ്ടെങ്കില് ഈ വീടുമൊന്ന് തൂത്തുതരണം.''
അങ്ങനെയാണ് ആ വീട്ടിലേക്കെത്തുന്നത്. ഒരു കൊച്ചുകുഞ്ഞുണ്ടായിരുന്നു, അവിടെ. അവനുമായി എളുപ്പം കമ്പനിയായി. ദിവസങ്ങള് കഴിഞ്ഞതോടെ റെജിയമ്മയ്ക്ക് എന്നെ ഇഷ്ടപ്പെട്ടു.
''നിനക്ക് മറ്റുപണിയൊക്കെ ഉപേക്ഷിച്ച് ഇവിടത്തെ ജോലി മാത്രം ചെയ്തുകൂടെ?'
റെജിയമ്മ ചോദിച്ചു. അതോടെയാണ് ആ വീട്ടിലെ ഒരംഗമായത്. രാവിലെ മുതല് അവിടെയുള്ള എല്ലാ ജോലികളും ചെയ്യും. മാസം തോറും ശമ്പളം. റെജിയമ്മയുടെ ഉടമസ്ഥതയിലുള്ള പണിതീരാത്ത ബില്ഡിംഗിലേക്ക് ഞങ്ങള് താമസം മാറി.
എല്ലാ ദിവസവും അച്ഛനും അമ്മയ്ക്കുമുള്ള ഭക്ഷണം റെജിയമ്മ തന്നയയ്ക്കും. ഒരു ദിവസം അമ്മ മദ്യപിച്ചുവന്ന് റെജിയമ്മയുടെ വീട്ടില് വഴക്കുണ്ടാക്കിയത് എനിക്ക് വലിയ വിഷമമുണ്ടാക്കി. ഇനി അവിടെ നില്ക്കുന്നത് ശരിയല്ലെന്ന് തോന്നി.
വീണ്ടും താമസം സ്റ്റേഡിയത്തിലേക്ക്. ആ സമയത്താണ് ചാലക്കുഴി ബസാറിലെ ഇബ്രാഹിംകുട്ടി ചേട്ടന് കുറച്ച് ലോട്ടറി വില്ക്കാനായി തന്നത്. വൈകിട്ടാവുമ്പോഴേക്കും ചെറിയൊരു തുക കിട്ടും. ഫ്രണ്ട്സ് ചിക്കന്കടയിലെ മോളിച്ചായനും രുക്മ ട്രാവല്സിലെ ജോണിച്ചേട്ടനുമാണ് ലോട്ടറിയില് എന്നെ സഹായിച്ച മറ്റു രണ്ടുപേര്.
രണ്ടുമൂന്നു വര്ഷത്തെ ജീവിതം കൊണ്ട് മലയാളം നന്നായി പഠിച്ചു. എല്ലാ ആഘോഷങ്ങള്ക്കും പുതിയ ഡ്രസ്സും വാങ്ങി എന്നെത്തേടി വരുന്ന ഒരാളുണ്ട്. കൊച്ചുമോളാന്റി. അസുഖം വന്നാല് ഞാന് ആശുപത്രിയില് പോകാറില്ല. ഇതറിഞ്ഞാല് കൊച്ചുമോളാന്റി വഴക്കുപറയും. അതിനുശേഷം അഞ്ഞൂറുരൂപ പോക്കറ്റിലിട്ടുതരും. എന്നിട്ട് ഡോക്ടറെ കാണിക്കാന് നിര്ദ്ദേശിക്കും.
അപ്പച്ചന് എന്നെ മനുഷ്യനാക്കി
ഒരു ക്രിസ്മസ് കാലത്ത് ചുമട്ടുതൊഴിലാളിയായ ലാലിച്ചന് സ്റ്റേഡിയത്തിലേക്കുവന്നു.
''നാളെ വൈകിട്ട് വൈ.എം.സി.എ ഹാളില് ഒരു ക്രിസ്മസ് പ്രോഗ്രാമുണ്ട്. ക്രിസോസ്റ്റം തിരുമേനി വിളിച്ചതാണ്. എല്ലാവരെയും കൂട്ടി സുബ്രഹ്മണ്യന് വരണം.''
പിറ്റേ ദിവസം നാടോടികളെയെല്ലാം കൂട്ടി ഞാന് ചെന്നു. തിരുമേനി പറയുന്നത് എനിക്കൊഴികെ ആര്ക്കും മനസ്സിലായില്ല. കാരണം അവരില് പല ഭാഷക്കാരുമുണ്ടായിരുന്നു. തമിഴരും തെലുങ്കരും ബംഗാളികളും കന്നഡക്കാരും. തിരുമേനി പറഞ്ഞത് അവരുടെ ഭാഷകളിലേക്ക് മാറ്റി പറഞ്ഞുകൊടുത്തു.
''നിങ്ങളെല്ലാവരും നല്ല വസ്ത്രം ധരിക്കണമെന്നാണ് എന്റെയാഗ്രഹം. അതിനായി കൈയിലുള്ള കുറച്ചുപൈസ എന്നെ ഏല്പ്പിക്കണം. ബാക്കിയുള്ള തുക ഞാനെടുത്ത് എല്ലാവര്ക്കും പുതിയ ഡ്രസ്സുകള് വാങ്ങിക്കാം.''







Comments