
തക്കാളിയുടെ വില കുത്തനെ ഉയര്‍ന്നത് ഏറെ വിവാദമായിക്കൊണ്ടിരിക്കുകയാണ്. കാരണം പച്ചക്കറി വിലകള്‍ ഇത്തരത്തില്‍ കത്തിക്കയറുന്നത് എല്ലാവരിലും ഒരുപോലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഒരു കച്ചവടക്കാരന് ചെയ്ത കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഈ കച്ചവടക്കാരന് കിലോ 20 രൂപയ്ക്കാണ് തക്കാളി വിറ്റിരിക്കുന്നത്.
കൗതുകമുണര്‍ത്തുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത് തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ്. 20 രൂപയ്ക്ക് ഒരു കിലോ തക്കാളി കിട്ടുമെന്നറിഞ്ഞതോടെ ഇദ്ദേഹം കച്ചവടം ചെയ്യുന്നിടത്തേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ കിലോക്കണക്കിന് തക്കാളി വിറ്റഴിഞ്ഞു എന്നാണ് ഡി ആര് രാജേഷ് എന്ന കച്ചവടക്കാരന് പറയുന്നത്. ഇദ്ദേഹം ഇത്രയും നഷ്ടം സഹിച്ച് എന്തിനാണിങ്ങനെ തക്കാളി വിറ്റത് എന്ന സംശയം ആരിലുമുണ്ടാകാം. ഇദ്ദേഹത്തിന്റെ ഡിആര്‍ വെജിറ്റബിള്‍സ് എന്ന കടയുടെ നാലാം വാര്‍ഷികമാണത്രേ ഇത്. ഇതിനോനുബന്ധിച്ചാണ് ഇദ്ദേഹം കുറഞ്ഞ വിലയ്ക്ക് തക്കാളി വിറ്റതത്രേ. 550 കിലോ തക്കാളി, കിലോയ്ക്ക് 60 എന്ന നിരക്കില്‍ ഗതാഗതച്ചെലവ് അടക്കം നല്കിയാണത്രേ ഇദ്ദേഹം വാങ്ങിയത്. ഇത് 40 രൂപ നഷ്ടത്തിലാണ് വാര്ഷികത്തോടനുബന്ധമായി വിറ്റഴിച്ചത്.
ഒരാള്‍ക്ക് ഒരു കിലോ തക്കാളി എന്ന നിലയ്ക്കാണ് നല്‍കിയത്. എല്ലാവര്ക്കും ഒരുപോലെ സഹായമെത്തുന്നതിനാണ് ഈ പരിധി വച്ചത് എന്നും രാജേഷ് പറയുന്നു. വ്യത്യസ്തമായ കച്ചവടം ഇപ്പോള്‍ വാര്‍ത്തകളിലും ഇടം നേടിയിരിക്കുകയാണ്. സ്വയം നഷ്ടം സഹിച്ചും മറ്റുള്ളവരെ സഹായിച്ചുകൊണ്ട് തന്റെ വിജയം ആഘോഷിക്കാനുള്ള മനസിനെയാണ് എല്ലാവരും അഭിനന്ദിക്കുന്നത്.






