
ഐഎസ്ആര്‍ഒയുടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്ന ലക്ഷ്യത്തോടെ മൂന്നാം ചാന്ദ്ര ദൗത്യം. ഇത് വിജയിച്ചാല്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
എന്നാല്‍ ചന്ദ്രനിലെ സോഫ്റ്റ് ലാന്റിങ് അത്ര എളുപ്പമല്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. ചന്ദ്രനില്‍ ഒരു പേടകമിറക്കല്‍ ദുഷ്കരമാകുന്നതിന് പ്രധാന കാരണമായി പറയുന്നത് അന്തരീക്ഷവും വായുവുമില്ലാത്തതും പാറകളും ഗര്‍ത്തങ്ങളും നിറഞ്ഞ ഉപരിതലവും തന്നെ. ഭൂമിയിലേതിന്റെ ആറില്‍ ഒന്ന് മാത്രമാണ് ചന്ദ്രനില്‍ ഗുരുത്വാകര്‍ഷണ ബലം .
1752 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡറിന് ചന്ദ്രനിലെത്തുമ്പോള്‍ 290 കിലോയ്ക്ക് അടുത്ത് മാത്രമേ ഭാരമുണ്ടാകൂ. ഇറങ്ങുന്ന വേഗം ഇതിന് അനുസരിച്ച് നിയന്ത്രിക്കല്‍ തന്നെയാണ് പ്രധാന സാങ്കേതിക വെല്ലുവിളികളിലൊന്ന്. എല്ലായിടത്തും ഗുരുത്വാകര്‍ഷണ പ്രഭാവം ഒരുപോലെയല്ലാത്തതിനാല്‍ ഇറങ്ങാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തലും വെല്ലുവിളിയാണ്.
ഐഎസ്ആര്‍ഒ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് അടുത്തൊരു അനുയോജ്യമായ സ്ഥലം കണ്ടുപിടിച്ചിട്ടുണ്ട്. മറ്റൊരു പ്രശ്നമായി പറയുന്നത് ചന്ദ്രനിലെ പൊടിയാണ്. ഇത് ലാന്‍ഡിംഗ് സമയത്ത് പേടകത്തിന് കേട് വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ലാന്‍ഡറില്‍ ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറ, ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ക്യാമറ, ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി ക്യാമറ എന്നിങ്ങനെ മൂന്ന് ക്യാമറകളടക്കം 9 സെന്‍സറുകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ 9 സെന്‍സറുകള്‍ ചന്ദ്രോപരിതലത്തിലേക്ക് അടുത്ത് കൊണ്ടിരിക്കെ പേടകത്തിന്റെ ഉയരവും വേഗവും കൃത്യമായി അറിയാന്‍ സഹായിക്കും.
നാല് പ്രധാന ത്രസ്റ്ററുകളും എട്ട് ചെറു ത്രസ്റ്ററുകളുമാണ് പേടകത്തിന്റെ അടിയില്‍ സജ്ജമാക്കിയിട്ടുള്ളത്. 800 ന്യൂട്ടണ്‍ ശേഷിയുള്ള ഈ നാല് എഞ്ചിനുകളുടെ ശക്തിയാണ് ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കുക. ലാന്‍ഡിങ്ങ് സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പേടകത്തെ നിയന്ത്രിക്കുക ഇതില്‍ തന്നെ നേരത്തെ പ്രോഗ്രാം ചെയ്തിട്ടുള്ള സോഫ്റ്റ്വെയറാകും.






