
ആനന്ദ് ടിവിയുടെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയ പല സെലിബ്രിറ്റികളും അവര്‍ സൂപ്പര്‍താരങ്ങളെ കണ്ടുമുട്ടിയതിന്റെ സന്തോഷവും ഭാഗ്യവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നാലാമത് ആനന്ദ് ടി.വി ഫിലിം അവാര്‍ഡ് തന്റെ കൈകളില്‍ നിന്നും ഏറ്റുവാങ്ങിയ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും നന്ദി അറിയിച്ചിരിക്കുകയാണ് മഞ്ജുവാര്യര്‍. ‘‘സിനിമകളുടെ ഇതിഹാസമായ മമ്മൂക്കയുടെ ശക്തിയും നെടുംതൂണുമായ സുലു ഇത്തയ്ക്കും മറ്റുള്ളവര്‍ക്കും അവാര്‍ഡ് കൈമാറുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. തന്റെ വിറയ്ക്കുന്ന കൈകളില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചതിന് മമ്മൂക്കയ്ക്ക് നന്ദി... ഇതുപോലെയൊരു ബഹുമതിക്ക് കാരണക്കാരായ ശ്രീകുമാറിനും ആനന്ദ് ഫിലിം അവാര്‍ഡ് മുഴുവന്‍ ടീമിനും നന്ദി... തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സായാഹ്നം ചെലവഴിക്കാൻ കഴിഞ്ഞതില്‍ സന്തോഷം... മാഞ്ചസ്റ്ററിലെയും യുകെയിലെയും സ്നേഹം നിറഞ്ഞ ആളുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഊഷ്മളമായ നന്ദി. ഊർജ്ജസ്വലരുമായ ആളുകൾക്ക് നന്ദി!’’ ചിത്രങ്ങള്‍ക്കൊപ്പം മഞ്ജുവാര്യര്‍ കുറിച്ചു.
മാഞ്ചസ്റ്ററില്‍ നടന്ന ആനന്ദ് ഫിലിം അവാര്‍ഡ് നിശയിലാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം മമ്മൂട്ടിക്കും സുല്‍ഫത്തിനും മഞ്ജു സമ്മാനിച്ചത്. മ്മൂട്ടി നായകനായെത്തിയ 'റോഷാക്ക്' ആയിരുന്നു അവാര്‍ഡ് നിശയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രം നിര്‍മിച്ച മമ്മൂട്ടി കമ്പനിക്ക് വേണ്ടി മമ്മൂട്ടിയുടെ ഭാര്യയും നിര്‍മാണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ സുല്‍ഫത്താണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
അവാര്‍ഡ് നിശയില്‍ മഞ്ജു വാര്യര്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലളിതം സുന്ദരം, ജാക്ക് ആൻഡ് ജില്, മേരി ആവാസ് സുനോ എന്ന ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന് മികച്ച നടനായി. യുകെയിലെ മാഞ്ചസ്റ്ററില്‍ നടന്ന താരസംഗമത്തില്‍ മമ്മൂട്ടി, മഞ്ജു വാരിയര്‍, ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബൻ, അപര്‍ണ ബാലമുരളി, ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസൻ, സ്വാസിക, ആര്യ, അസീസ് നെടുമങ്ങാട് തുടങ്ങി മലയാള സിനിമയിലെ നീണ്ട താരനിര പങ്കെടുത്തു. ലോക കേരള സഭ അംഗവും ആനന്ദ് ടിവി ചെയര്‍മാനുമായ എസ്. ശ്രീകുമാറാണ് അവാര്‍ഡ് നൈറ്റിന് നേതൃത്വം നല്‍കിയത്.






