
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍. "2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വിജയികളായ മുഴുവന്‍ പേര്‍ക്കും ഒരു വലിയ കൈയടി. മമ്മൂട്ടി, എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹാഭിനന്ദനങ്ങള്‍.
മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസിനും അഭിനന്ദനങ്ങള്‍, മുന്നോട്ടും ഗംഭീരമായി തുടരുക", മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്ര അവാര്‍ഡില്‍ വിന്‍സി അലോഷ്യസ് ആണ് മികച്ച നടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം.
അറിയിപ്പ് ഒരുക്കിയ മഹേഷ് നാരായണന് ആണ് മികച്ച സംവിധായകന്. കുഞ്ചാക്കോ ബോബനും അലന്‍സിയറിനും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ബംഗാളി ചലച്ചിത്ര സംവിധായകന് ഗൌതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്.






