
പത്തനംതിട്ട: ''പരുത്തിപ്പാറ കൊലക്കേസി''ല്‍ പെട്ടുപോയത് കൂടല്‍ പോലീസ്. അവര്‍ വീണത് സ്വയം തോണ്ടിയ കുഴിയിലോ അതോ അഫ്സാന കുഴിച്ച കുഴിയിലോ എന്നുമാത്രമേ ഇനി അറിയാനുള്ളൂ. ''നൗഷാദ് കൊലക്കേസി''ല്‍ ഇപ്പോള്‍ റിമാന്‍ഡിലുള്ള അഫ്സാന കോടതിയെ സമീപിച്ചാല്‍ പോലീസിനു കിട്ടുക എട്ടിന്റെ പണിയായിരിക്കുമെന്ന് നിയമവിദഗ്ധര്‍.
സ്റ്റേഷനിലേക്കു വിളിപ്പിച്ച തന്നെ പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്നു പറഞ്ഞ് അഫ്സാന കോടതികയറിയാല്‍ സ്ഥിതി മാറും. പോലീസ് പ്രതിക്കൂട്ടിലാകും. പ്രതിയാക്കി ചിത്രീകരിച്ചതിനും റിമാന്‍ഡില്‍ അയച്ചതിനുമെല്ലാം മറുപടി പറയേണ്ടിവരും.
അതിനിടെ തന്റെ വീടു കുളം തോണ്ടിയ പോലീസിനെതിരേ പരുത്തിപ്പാറയിലെ വാടക വീട് ഉടമ ബിജു രംഗത്തുവന്നു. അടുക്കളയും മറ്റൊരു മുറിയും കുഴിച്ചുമറിച്ച വകയില്‍ അര ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ബിജു ആവശ്യപ്പെട്ടു. അനാവശ്യ തിടുക്കവും എടുത്തുചാട്ടവുമാണ് പോലീസിനെ കുഴിയില്‍ ചാടിച്ചത്.
ഈ കേസ് തുടക്കം മുതല്‍ സംശയാസ്പദമായിരുന്നു. അഫ്സാന സ്വയം കുറ്റസമ്മതം നടത്തി എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, മൃതദേഹം മറവുചെയ്തതു സംബന്ധിച്ച് ഇവര്‍ നടത്തിയ പരസ്പരവിരുദ്ധമായ വെളിപ്പെടുത്തലില്‍ പോലീസ് രണ്ടാമതൊന്നു ചിന്തിക്കാതെ മൃതദേഹത്തിനായി കുഴിയെടുക്കുകയായിരുന്നു. അഫ്സാന പറഞ്ഞ സ്ഥലങ്ങളില്‍ പരുത്തിപ്പാറ പള്ളിയുടെ സെമിത്തേരിമാത്രമാണ് പോലീസിനു കുഴിക്കാന്‍ പറ്റാതെ പോയത്. അതു പള്ളി അധികൃതര്‍ എതിര്ത്തതുകൊണ്ടുമാത്രമായിരുന്നു. മൃതദേഹം കൊണ്ടുപോകാന്‍ പെട്ടിവണ്ടി വിളിച്ചെന്നാണ് അഫ്സാന പോലീസിനോടു പറഞ്ഞത്. അതില്‍ പേര് സൂചിപ്പിച്ചിരുന്ന ആള്‍ക്കു പെട്ടി ഓട്ടോറിക്ഷ ഇല്ലെന്നുമാത്രമല്ല, അത് ഓടിക്കാനും അറിയില്ല.
അടൂരില്വച്ചു നൗഷാദിനെ കണ്ടെന്നു പറഞ്ഞു കൂടല്‍ പോലീസ് സ്റ്റേഷനിലേക്ക് അഫ്സാന വിളിച്ചിരുന്നു. സംശയം തോന്നിയ എസ്.ഐ. ഷെമിമോള്‍ ഇവരെ സ്റ്റേഷനിലേക്കു വരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് അഫ്സാന താന്‍ നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നു വെളിപ്പെടുത്തിയത്. പിന്നാലെ ഇവര്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ മാറ്റിപ്പറഞ്ഞു. ഇത്രയൊക്കെയായിട്ടും യുവതിയുടെ മനോനില പരിശോധിക്കാന്‍ പോലീസ് തയാറായില്ല.
യുവതിക്കു മാനസികപ്രശ്നമുണ്ടെന്നാണ് നൗഷാദും ഇവരുടെ അയല്‍വാസികളും പറയുന്നത്. കൊന്നുവെന്ന അഫ്സാനയുടെ വെളിപ്പെടുത്തല്‍ നൗഷാദിന്റെ മാതാപിതാക്കളും വിശ്വസിച്ചില്ല എന്നതാണ് ഏറെ രസകരം. ഇപ്പോഴും അന്വേഷണസംഘം പറയുന്നതു യുവതിക്കു മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നാണ്.അഫ്സാനയെ അറസ്റ്റ് ചെയ്തപ്പോള്‍ കൊലക്കുറ്റം ഒഴിവാക്കിയിരുന്നു.
സംശയം നിലനിര്‍ത്തി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ 177, 182 (പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും വ്യതിചലിപ്പിക്കുകയും ചെയ്തു), 201 (തെളിവ് നശിപ്പിക്കല്‍), 297 (മതവികാരം വ്രണപ്പെടും വിധം ശവക്കല്ലറയില്‍ െകെയേറ്റം നടത്തുക, ശവത്തെ അവഹേളിക്കുക, അപമാര്യാദയായി പെരുമാറുക എന്നിങ്ങനെ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
കോടതി യുവതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇത്തരം കേസുകളില്‍ താത്കാലിക ജാമ്യം നല്കുന്ന പതിവുണ്ടായിരുന്നെന്നും ഇവിടെ അതു തെറ്റിച്ചെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ഇനി അഫ്സാനയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങില്ല. അതേസമയം, രജിസ്റ്റര്‍ ചെയ്ത കേസ് തുടരും.






