
)46000 വർഷമായി ജീവനോടെയിരിക്കുന്ന പുഴുവിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഡ്രെഡ്സണിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ സെൽ ബയോളജി ആൻഡ് ജനറ്റിക്സിലെ ശാസ്ത്രജ്ഞരാണ് മരവിച്ച അവസ്ഥയിൽ പുഴുവിനെ കണ്ടെത്തിയത്. പിഎൽഒഎസ് ജനറ്റിക്സ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
സൈബീരിയൻ പെർമാഫ്രോസ്റ്റിൽ ഉപരിതലത്തിൽ നിന്ന് 40 മീറ്റർ (131.2 അടി) താഴെയായി ക്രിപ്റ്റോബയോസിസ് എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലായിരുന്നു പുഴുവെന്ന് പ്രൊഫസർ ടെയ്മുറാസ് കുർസാലിയ പറഞ്ഞു. ജനിതക പരിശോധനയില്‍ ഈ പുഴുക്കൾ ഒരു പുതിയ സ്പീഷിസിൽപ്പെട്ടതാണെന്ന് കണ്ടെത്തി. ഈ സ്പീഷിസിന്പാനാഗ്രോലൈമസ് കോളിമേനിസ് എന്നാണ് ശാസ്ത്രജ്ഞർ പേരിട്ടത്.
പുഴുവിനെ വൃത്താകൃതിയിൽ മരവിച്ച അവസ്ഥയിലാണ്കണ്ടെത്തിയത്. ക്രിപ്റ്റോബയോട്ടിക് അവസ്ഥയിലായിരിക്കുമ്പോൾ ജലത്തിന്റെയും ഓക്സിജന്റെയും അഭാവത്തെ അതിജീവിക്കാനും ഉയർന്നതും താഴ്ന്നതുമായ താപനിലയെയും ഉപ്പ് നിറഞ്ഞ അവസ്ഥയെയും അതിജീവിക്കാനും ജീവജാലങ്ങൾക്ക് കഴിയും. ഈ ഘട്ടത്തിൽ ജീവജാലങ്ങൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള പ്രത്യേക അവസ്ഥയിൽ ആയിരിക്കുമെന്ന് കുർസാലിയ വിശദീകരിച്ചു. ക്രിപ്റ്റോ ബയോട്ടിക് അവസ്ഥയിൽ ജീവികളുടെ ഉപാപചയ നിരക്ക് കണ്ടുപിടിക്കാനാകാത്ത നിലയിലേക്ക് കുറയും. ഈ അവസ്ഥയിൽ ജീവൻ നിലനിർത്താനും ആദ്യഘട്ടം മുതൽ ജീവൻ ആരംഭിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.






