
ബെംഗളൂരു: മുൻ നക്സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദർ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഗുമ്മടി വിത്തൽ റാവു എന്നാണ് ഗദ്ദറിന്റെ യഥാർത്ഥ പേര്. 2010 വരെ നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു
ശസ്തക്രിയക്കായാണ് ഗദ്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു. 1997ൽ ഗദ്ദറിനെതിരെ വധശ്രമം ഉണ്ടായെങ്കിലും രക്ഷപ്പെട്ടു. നട്ടെല്ലിൽ വെടിയുണ്ടയുമായാണ് ഗദ്ദർ ശിഷ്ടകാലം ജീവിച്ചത്. പഞ്ചാബിൽ ബ്രിട്ടീഷ് ഭരണത്തെ എതിർത്ത ഗദ്ദർ പാർട്ടിയുടെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിത്തൽ റാവു ഗദ്ദർ എന്ന പേര് സ്വീകരിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്–ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദർ സാംസ്കാരിക സംഘടനയായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 1997ൽ ഗദ്ദറിന് അഞ്ജാതരുടെ വെടിയേറ്റിരുന്നു. 2010 വരെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഗദ്ദർ. 2017 ൽ മാവോയിസ്റ്റ് ബന്ധം പൂർണമായും വിച്ഛേദിച്ച ഗദ്ദർ തെലങ്കാനയുടെ രൂപീകരണത്തിനായി ശക്തമായി വാദിച്ച വ്യക്തിയാണ്. ഗദ്ദർ പ്രജ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നു കഴിഞ്ഞമാസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഗദ്ദറിന്റെ വിപ്ലവ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും നിരവധി ആരാധകരാണ് തെലങ്കാനയിലുള്ളത്. 2011-ൽ ജയ് ഭോലോ തെലങ്കാന എന്ന ചിത്രത്തിലെ ഗാനത്തിന് ഗദ്ദറിന് സര്‍ക്കാരിന്റെ നന്ദി അവാർഡ് ലഭിച്ചു. ആദ്യകാലത്ത് മാവോയിസ്റ്റുകളുമായി നിലനിന്നിരുന്ന ബന്ധം പിന്നീട് അദ്ദേഹം ഒഴിവാക്കുകയായിരുന്നു.






