Authored by Web Desk | Last updated: 28 Dec 2016, 2:59 PM | 5 min read
സംശുദ്ധ രാഷ്ട്രീയം ജീവിതവ്രതമാക്കിയ നേതാവാണ് മന്ത്രി മാത്യു ടി. തോമസ്. കടന്നുവന്ന വഴികളിലൊരിടത്തും കളങ്കത്തിന്റെ കറുത്ത പാടുകള്‍ വീഴ്ത്തിയിട്ടില്ല ഈ ജനതാദള്‍ സെക്യുലര്കാരന്.
സാഹചര്യങ്ങള്‍ മാറിമറിഞ്ഞപ്പോഴും കൂടെയുള്ളവര്‍ വഴിമാറി സഞ്ചരിച്ചപ്പോഴുമെല്ലാം സോഷ്യലിസം എന്ന ആശയക്കരുത്ത് അദ്ദേഹത്തെ ഒരിടത്തുതന്നെ അടിയുറപ്പിച്ചു നിര്‍ത്തി.
ഇതു രണ്ടാം തവണയാണ് മാത്യു ടി. തോമസ് സംസ്ഥാനത്തിന്റെ മന്ത്രിയാകുന്നത്. ഇത്തവണ ജലസേചനമാണു വകുപ്പ്. ജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയാണിവിടെ...
ഈ ക്രിസ്മസ് നാളുകളില്‍ പഴയ കുട്ടിക്കാലം എങ്ങനെയൊക്കെയാണ് ഓര്‍മ്മയിലേക്കു വരുന്നത്?
എന്റെ പിതാവ് (റവ. ടി. തോമസ്) മാര്‍ത്തോമാ സഭയിലെ വൈദികനായിരുന്നു. അമ്മ (അന്നമ്മ തോമസ്) അദ്ധ്യാപികയും. അതുകൊണ്ട് മാതാപിതാക്കള്‍ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലാണ് ഞാനും ജ്യേഷ്ഠനും വിദ്യാഭ്യാസം ചെയ്തത്.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ബോംബെയിലാണ്. അന്ന് അപ്പച്ചന് അവിടെയൊരു പള്ളിയില്‍ വികാരിയായിരുന്നു. രണ്ടാം ക്ലാസ് മുതല്‍ തിരുവല്ലയിലാണു പഠിച്ചത്. എസ്. സി. സെമിനാരി സ്കൂളിലെത്തിയപ്പോള്‍ അമ്മ എന്റെയും അദ്ധ്യാപികയായി.
അക്കാലത്തൊന്നും വീട്ടില്‍ തിമര്പ്പോടുകൂടിയ ക്രിസ്മസ് ആഘോഷങ്ങള്‍ ഇല്ലായിരുന്നു. ഇപ്പോഴും അങ്ങനെയില്ല. എല്ലാവരെയും പോലെ പള്ളിയില്‍ പോവുകയും കരോളില്‍ പങ്കുചേരുകയുമൊക്കെ ചെയ്യും. അത്രയേയുള്ളൂ.
ചെറുപ്പത്തില്‍ യുണൈറ്റഡ് കരോള്‍ എന്ന പേരില്‍ സംഘം ചേര്‍ന്നു പോകുന്നതൊക്കെ ഓര്‍മ്മയില്‍ തിളങ്ങിനില്‍ക്കുന്നുണ്ട്. ഏഴു വയസു മുതല്‍ പള്ളിയിലെ ഗായകസംഘത്തില്‍ ഞാന്‍ പാടുമായിരുന്നു. 25 വയസ് വരെ അത് തുടര്‍ന്നു.
വാസ്തവത്തില്‍ ക്രിസ്മസ് ശൂന്യവല്ക്കരണത്തിന്റെ പെരുന്നാളാണ്. എല്ലാമുള്ളവര്‍ ഒന്നുമില്ലാത്തവരായി ജീവിക്കുന്നതാണ് ലോകത്തിലെ ഏറ്റവും മഹത്തായ കാര്യം. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പായിരിക്കണം ക്രിസ്മസ്.
പിതാവിന്റെ ജീവിതമൂല്യങ്ങള്‍ താങ്കളുടെ വ്യക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ടോ?
എപ്പോഴും സമത്വത്തിനുവേണ്ടിയേ അപ്പച്ചന് നിലകൊള്ളാറുള്ളൂ. പണ്ട് അദ്ദേഹവും സഹോദരനും കൂടി ഭൂദാനപ്രസ്ഥാനം വഴി രണ്ടരയേക്കര്‍ സ്ഥലം ഭൂമിയില്ലാത്തവര്‍ക്കു കൊടുത്തിട്ടുണ്ട്. പത്തിലേറെ കുടുംബങ്ങള്‍ അവിടെ വീടുവച്ച് താമസിച്ചു.
ഇത്തരം പങ്കുവയ്ക്കലുകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. വരുമാനത്തിന്റെ പത്തു ശതമാനം പാവപ്പെട്ടവര്‍ക്കുള്ളതാണ് എന്ന കാര്യത്തില്‍ ഒരിക്കലും അപ്പച്ചന് വിട്ടുവീഴ്ച ചെയ്യാറില്ല. തിരുവല്ലയില്‍ ഞങ്ങള്‍ വീടു വയ്ക്കുന്ന സമയത്ത് മല്ലശേരിയിലെ കുടുംബവീടിന്റെ വളപ്പില്‍ നിന്ന കുറെ മരങ്ങള്‍ വിറ്റിരുന്നു.
ഉള്ളതെല്ലാം സ്വരുക്കൂട്ടി വീടുപണി തുടങ്ങിയപ്പോഴും അപ്പച്ചന് പറഞ്ഞു: 'മരത്തിനു കിട്ടിയതിന്റെ പത്തു ശതമാനം പാവപ്പെട്ടവര്‍ക്കു കൊടുക്കണം.' വളരെ ലളിതമാണ് അദ്ദേഹത്തിന്റെ ജീവിതം. അമ്പത്തിനാലു വയസുവരെ ഒരു റാലി സൈക്കിളിലായിരുന്നു യാത്ര.
കുട്ടിക്കാലത്ത് അതിന്റെ കാരിയറിലോ ക്രോസ്ബാറിലോ ഇരുന്ന് ഞാനും സഞ്ചരിച്ചിട്ടുണ്ട്. ഇത്തരം അനുഭവങ്ങളിലൂടെ പല മൂല്യങ്ങളും അറിയാതെതന്നെ എന്നിലേക്കും പകര്ന്നിട്ടുണ്ടാവും. അപ്പച്ചനിപ്പോള് എണ്പത്താറു വയസുണ്ട്.
ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാര്‍ത്തോമാ മെത്രാപ്പോലീത്ത ആയിരുന്ന യൂഹാനോന്‍ തിരുമേനിയുടെ ബിഷപ്പ്ഹൗസിനടുത്തായിരുന്നു അന്നു ഞങ്ങളുടെ താമസം. അടിയന്തരാവസ്ഥയെ എതിര്‍ത്ത് മെത്രാപ്പോലീത്ത ഇന്ദിരാഗാന്ധിക്ക് ഒരു കത്തയച്ചത് എന്നെ ഒരുപാട് ചിന്തിപ്പിച്ചു.
കോണ്‍ഗ്രസ് നേതാവായിരുന്ന എസ്. ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥയെ എതിര്‍ക്കുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തത് അക്കാലത്ത് ദേശീയ രാഷ്ട്രീയത്തിലെ വലിയ സംഭവമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ അദ്ദേഹം ജനതാ പാര്‍ട്ടി പ്രസിഡന്റായി. എനിക്കദ്ദേഹത്തോട്് തികഞ്ഞ ആരാധനയായിരുന്നു.
അങ്ങനെയാണ് ഞാന്‍ വിദ്യാര്‍ത്ഥി ജനതയില്‍ ചേര്‍ന്നത്. തിരുവല്ല മാര്‍ത്തോമാ കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ഞാന്‍ അവിടത്തെ യൂണിറ്റ് സെക്രട്ടറിയായി. പിന്നെ പടിപടിയായി ഉയര്‍ന്ന് സംസ്ഥാന സെക്രട്ടറിപദത്തിലെത്തി.
ഈ സമയത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഞങ്ങളൊരു കാല്‍നടയാത്ര നടത്തിയിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി ജനതയുടെ സംസ്ഥാന പ്രസിഡന്റും യുവ ജനതാദളിന്റെ പ്രസിഡന്റുമൊക്കെയായി.
വലിയൊരു രാഷ്ട്രീയഭാവി അന്നു സ്വപ്നം കണ്ടിരുന്നോ?
എം.എല്‍.എ പോലും ആകുമെന്നു കരുതിയല്ല അന്നു പ്രവര്‍ത്തിച്ചത്. അതൊരു ആവേശമായിരുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ ദേശീയ നേതാക്കളുമായി ബന്ധപ്പെടാനും അവരുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്താനുമൊക്കെ എനിക്ക് അവസരം ലഭിച്ചു.
ബി. എസ്സി ഫൈനല്‍ ഇയര്‍ പരീക്ഷയുടെ സമയത്താണ് തിരുവല്ലയിലെ തെരഞ്ഞെടുപ്പിന്റെ ഓഫീസ് ചുമതല കിട്ടുന്നത്. അതിന്റെ തിരക്കില്‍ അക്കൊല്ലം പരീക്ഷ എഴുതാനായില്ല. പിറ്റേവര്‍ഷം തിരുവനന്തപുരത്ത് ഇളയമ്മയുടെ വീട്ടില്‍ നിന്ന് പരീക്ഷയ്ക്കു തയ്യാറെടുത്തു.
അപ്പോഴായിരുന്നു എസ്. ചന്ദ്രശേഖറിന്റെ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരതയാത്ര. കേരളത്തില്‍വച്ച് ഞാനും ആ യാത്രയില്‍ ചേര്‍ന്നു. അതിനിടയില്‍ അന്നു കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്ഡേ എത്തുന്നു എന്ന വാര്‍ത്തയറിഞ്ഞു.
പക്ഷേ വിവാഹധൂര്‍ത്ത് പോലെയുള്ള കാര്യങ്ങള്‍ നാട്ടില്‍ പെരുകുകയാണ്...
ശരിയാണ്. വിവാഹത്തിനു പങ്കെടുക്കുന്നവരുടെ എണ്ണവും വിളമ്പുന്ന വിഭവങ്ങളുടെ മേന്മയും നോക്കി സ്റ്റാറ്റസ് നിര്‍ണയിക്കുന്ന ഒരു വികലമായ കാഴ്ചപ്പാട് ഇവിടെയുണ്ട്. പഴയ കാലത്ത് രാഷ്ട്രീയക്കാര്‍ ഇക്കാര്യത്തിലൊക്കെ മാതൃക കാണിച്ചിരുന്നു.
ഇന്ന് അവരുടെ ചിന്താഗതിയിലും മാറ്റം വന്നു. ഇതിനെതിരേ ഒരു ശബ്ദവും ഉയര്‍ന്നു കേള്‍ക്കുന്നില്ല. സമുദായിക-മത നേതാക്കള്‍ ഈ പ്രവണതകളെ പണ്ട് നിരുത്സാഹപ്പെടുത്തിയിരുന്നു. ഇന്ന് അങ്ങനെയല്ല. ചടങ്ങുകളില്‍ വലിയ ആളുകളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയനേട്ടമായി പലരും കാണുന്നുണ്ട്.
മുമ്പ് മന്ത്രിയായിരിക്കെ, തിരക്കിനിടയില്‍ സമയം കണ്ടെത്തി ഞാനൊരു വിവാഹസ്ഥലത്തെത്തി. സാധാരണ കാറില്‍ ചെന്നതിന്റെ പരിഭവത്തില്‍ അന്ന് ആതിഥേയന് പറഞ്ഞു: 'ഇതിലാണു വരുന്നതെങ്കില്‍ ഞാന്‍ ക്ഷണിക്കില്ലായിരുന്നല്ലോ.'
സ്റ്റേറ്റ് കാറില്‍ ചെല്ലണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇതിനെല്ലാം ഒരു തിരുത്തല്‍ ആവശ്യമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഞാന്‍ നിയമസഭയില്‍ അവതരിപ്പിച്ച ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയം ഈ വിവാഹധൂര്ത്തിനെക്കുറിച്ചായിരുന്നു.
വ്യക്തിജീവിതത്തില്‍ താങ്കള്‍ ഈ ലാളിത്യം പുലര്‍ത്താറുണ്ടോ?
ലാളിത്യം ഒരു ആഡംബരമാക്കാന്‍ എനിക്കാഗ്രഹമില്ല. അത്തരം കാപട്യത്തില്‍ വിശ്വസിക്കുന്നുമില്ല. ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അമിതവ്യയത്തോടു യോജിപ്പില്ല.
രാഷ്ട്രീയപ്രവര്‍ത്തകന്റെ പൊതുജീവിതം മാത്രമല്ല, വ്യക്തിജീവിതവും സംശുദ്ധമായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. അടുത്തിടെയായിരുന്നു എന്റെ മകളുടെ വിവാഹം. അതില്‍ പങ്കെടുത്തവര്‍ക്കു ഞാന്‍ കൊടുത്തത് പുഴുങ്ങിയ കപ്പയും ചേനയും ചേമ്പുമാണ്. കൂടെയൊരു ഗോതമ്പു പായസവും. എന്റെ വിവാഹത്തിനും ഒരു കാപ്പിയും ഒരുകഷണം കേക്കുമേ ഉണ്ടായിരുന്നുള്ളൂ.
ആരാണ് കേരള രാഷ്ട്രീയത്തില്‍ കണ്ട ആദര്‍ശപുരുഷന്‍?
പി. വിശ്വംഭരന് സാറിനെയാണ് ഞാനങ്ങനെ കാണുന്നത്. വീരേന്ദ്രകുമാര്‍ പാര്‍ട്ടി അധ്യക്ഷനായപ്പോള് അദ്ദേഹത്തിനും അരങ്ങില്‍ ശ്രീധരനും കെ. ചന്ദ്രശേഖരനും പുറത്തു പോകേണ്ടി വന്നു. അതെന്നെ വേദനിപ്പിച്ചെങ്കിലും ഞാന്‍ അവര്‍ക്കൊപ്പം പോകാതെ പാര്‍ട്ടിയില്‍ത്തന്നെ നിന്നു. വിശ്വംഭരന് സാര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അന്തരിച്ചത്.
തിരുവനന്തപുരത്തു വിമാനമിറങ്ങി ഹെഗ്ഡേ ആറ്റിങ്ങലേക്കു പുറപ്പെട്ടപ്പോള്‍ വിജയ് സൂപ്പര്‍ സ്കൂട്ടറില്‍ ഞാന്‍ അദ്ദേഹത്തിന്റെ വാഹനത്തിന് പൈലറ്റായി ഓടി. അത്രയും വേഗത്തില്‍ സ്കൂട്ടറോടിച്ചതിന് പാര്‍ട്ടിനേതാവ് പി. വിശ്വംഭരന് സാര്‍ എന്നെ വഴക്കുപറഞ്ഞു.
ആ വര്‍ഷം തന്നെ ഞാന്‍ ബി.എസ്സി പരീക്ഷ എഴുതുകയും 98 ശതമാനം മാര്‍ക്കോടെ പാസാവുകയും ചെയ്തു. കണക്കായിരുന്നു ഐച്ഛിക വിഷയം. 1987-ല്‍ തിരുവല്ലയില്‍നിന്ന് നിയമസഭയിലേക്കു മത്സരിക്കാന്‍ അപ്രതീക്ഷിതമായി എനിക്ക് അവസരം കിട്ടി. അന്നു ഞാന്‍ എല്‍.എല്‍.ബിക്കു പഠിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ അതു മുടങ്ങി. പിന്നെ 91 ലെ തെരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം പൂര്‍ത്തിയാക്കി.
മകന്റെ ഇടതുപക്ഷ പ്രവര്‍ത്തനത്തോട് മാതാപിതാക്കളുടെ പ്രതികരണം എങ്ങനെയായിരുന്നു?
എന്റെ പൊതുപ്രവര്‍ത്തനത്തെ അപ്പച്ചനും അമ്മയും എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ല. എന്നാല്‍ വേണ്ട സമയത്തൊക്കെ അവരുടെ പിന്തുണ കിട്ടിയിട്ടുണ്ട്. ഡിഗ്രിക്കു പഠിക്കുമ്പോള്‍ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ കുടുംബത്തെ ജന്മി കുടിയിറക്കി.
അന്നു നാഷണല്‍ സര്‍വീസ് സ്കീമിലുണ്ടായിരുന്ന ഞാനും കൂട്ടുകാരും വിവരമറിഞ്ഞ് അവിടെയെത്തി. അപ്പോള്‍ ഒരു മരച്ചുവട്ടില്‍ ചാക്കുവിരിച്ചു കിടക്കുകയായിരുന്നു ആ പെണ്‍കുട്ടി. അവരുടെ വീട് മുഴുവന്‍ പൊളിച്ചിരുന്നു. ദയനീയമായ ആ കാഴ്ചയില്‍ ഞങ്ങളുടെ മനസ് നൊന്തു.
വേറെ ഓല കൊണ്ടുവന്ന് ഞങ്ങള്‍ പുതിയ കുടില്‍ കെട്ടി. പോലീസ് അതും പൊളിച്ചപ്പോള്‍ വീണ്ടും കെട്ടി. ഇതു തുടരുമ്പോള്‍ എന്നെ പിന്തിരിപ്പിക്കാന് ജന്മിയുടെ ഭാഗത്തുനിന്ന് അപ്പച്ചന്റെ മേല്‍ പല സമ്മര്‍ദ്ദങ്ങളുമുണ്ടായി. പക്ഷേ അപ്പച്ചന് എന്നെ തടഞ്ഞില്ല. ഒടുവില്‍ പുരയിടത്തിന്റെ ഒരു കോണില്‍ വീടുകെട്ടാന്‍ ജന്മി സമ്മതിച്ചു. ആ കുട്ടിയുടെ കുടുംബം ഇപ്പോള്‍ നല്ല നിലയിലായി.
ഞാന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ആളുകളോടു വോട്ടഭ്യര്‍ത്ഥിച്ചാണ് അമ്മ എന്നെ പിന്തുണച്ചത്. അദ്ധ്യാപികയായിരുന്ന അമ്മയ്ക്ക് തിരുവല്ലയില്‍ വലിയൊരു ശിഷ്യസമ്പത്തുണ്ട്. കുറച്ചുനാള്‍ കിടപ്പിലായശേഷം ഇക്കഴിഞ്ഞ ജൂണ്മാസത്തില് അമ്മ മരിച്ചു.
അപ്പച്ചന് എനിക്കുവേണ്ടി ഒരിക്കല്‍പ്പോലും വോട്ട് തേടിയിട്ടില്ല. വൈദികന് അങ്ങനെ ചെയ്തുകൂടാ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ അമ്മയുടെ സംസ്കാരച്ചടങ്ങ് കഴിഞ്ഞതിന്റെ പിറ്റേന്ന് അപ്പച്ചനെന്നെ നിയമസഭയിലേക്കു പറഞ്ഞുവിട്ടു. ഈശ്വരവിശ്വാസത്തെ ഗൗരവമായി കാണുന്നവര്‍ക്ക് സ്ഥിതിസമത്വത്തിന്റെ കാഴ്ചപ്പാട് ഉണ്ടായേ പറ്റൂ. അവര്‍ അടിസ്ഥാനപരമായി ഇടതുപക്ഷക്കാരായിരിക്കണം.
പാര്‍ട്ടിയിലോ പുറത്തോ ആരോടെങ്കിലും ശത്രുതയുണ്ടോ?
വ്യക്തിപരമായി ആരോടും ശത്രുതയില്ല. തെരഞ്ഞെടുപ്പില്‍ എതിരേ മത്സരിക്കുന്നവരോടു പോലും ഞാനതു പുലര്‍ത്താറില്ല. ആദ്യത്തെ തവണ ഞാന്‍ തോല്‍പ്പിച്ചത് മൂന്നുതവണ ജയിച്ചിട്ടുള്ള ആളെയാണ്.
അദ്ദേഹവുമായി ഞാന്‍ തികഞ്ഞ സൗഹൃദത്തിലായിരുന്നു. പുത്രനെപ്പോലെയാണ് അദ്ദേഹം എന്നെ കണ്ടിരുന്നത്. ആരെങ്കിലുമായി നീരസമുണ്ടായാല്പ്പിന്നെ അതു പരിഹരിച്ചാലേ എനിക്ക് ഉറക്കം വരൂ.
മന്ത്രിയെന്ന നിലയിലുള്ള പ്രധാന നേട്ടങ്ങള്‍?
മുമ്പ് ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ബസ് വാങ്ങുന്നതിലെ അഴിമതി ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഓപ്പണ്‍ ടെന്‍ഡര്‍ വഴി വാങ്ങിയപ്പോള്‍ ബസിന്റെ വില ഗണ്യമായി കുറഞ്ഞു. റോഡപകടങ്ങളുടെ നിരക്കും താഴേക്കു കൊണ്ടുവന്നു.
ഇപ്പോള്‍ ജലസേചനമാണു വകുപ്പ്. ഇവിടെയും ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. ജലദൗര്‍ലഭ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോഴും ജലത്തെ ഗൗരവമായി കാണാന്‍ നമുക്കാവുന്നില്ല. അതിനുള്ള ബോധവല്‍ക്കരണവും ജലസ്രോതസുകളുടെ സംരക്ഷണവും ഉള്‍പ്പെടെ ധാരാളം പദ്ധതികള്‍ നടപ്പാക്കാനുണ്ട്. എല്ലാവര്ക്കും സുരക്ഷിതമായ കുടിവെള്ളം എന്ന ലക്ഷ്യത്തിലേക്ക് ഘട്ടം ഘട്ടമായി എത്തുകയും വേണം.
കുടുംബം... അവര്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍...
ഭാര്യ ഡോ. അച്ചാമ്മ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലാണ്. മൂത്ത മകള്‍ അച്ചുവിന്റെ വിവാഹമാണ് ഈയിടെ കഴിഞ്ഞത്. മരുമകന് നിതിന്‍. ഇളയ മകള്‍ അമ്മു ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.
കുടുംബത്തോടൊപ്പം യാത്ര ചെയ്യാനൊക്കെ എനിക്ക് വല്ലപ്പോഴുമേ കഴിയാറുള്ളൂ. സിനിമ കാണാന്‍ പോകുന്നതും അപൂര്‍വം. സംവിധായകന് ബ്ലെസി എന്റെ സുഹൃത്താണ്. ബ്ലെസിയുടെ എല്ലാ സിനിമയും ശ്രദ്ധയോടെ കാണാറുണ്ട്. എന്റെ തിരക്കുകള്‍ക്കിടയില്‍ കുടുംബകാര്യങ്ങള്‍ നോക്കുന്നതു ഭാര്യയാണ്.