
ചെറുതായൊന്നു തെന്നിവീണല് മതി മാരകമായ പരിക്കേല്‍ക്കാന്‍. ഡിസ്ക് ബ്രേക്ക്, എബിഎസ്, ഇബിഡി തുടങ്ങിയവ സുരക്ഷയ്ക്കായി ഇരുചക്രങ്ങളില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഒരുറപ്പും നല്കാന് സാധിക്കുകയില്ല. എന്നാല്‍ ഇതിനൊരു പരിഹാരമായി ബൈക്കില്‍ നിന്ന് തെറിച്ച് വീഴുന്ന യാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹെലൈറ്റ എയര്‍ ബാഗ് ടെക്നോളജി ജാക്കറ്റ് രൂപത്തിലുള്ള എയര്‍ബാഗുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചു കാലമായി. എയര്‍ബാഗ് ജാക്കറ്റുകള്‍ കാര്യക്ഷമമാണെന്ന് ഉറപ്പിക്കാനുള്ള നിരവധി ടെസ്റ്റുകളിലും ഹെലൈറ്റ് ടെക്നോളജി ഇതിനോടകം വിജയം കണ്ടിട്ടുണ്ട്.
കാറുകളില്‍ നിന്നും അല്പം വ്യത്യസ്തമായി ആവശ്യാനുസരണം ശരീരത്തില്‍ ധരിക്കാവുന്ന ജാക്കറ്റുകളുടെ രൂപത്തിലാണ് ഹെലൈറ്റ് എയര്‍ബാഗുകള്‍. അപകടം സംഭവിച്ച ഉടന്‍ എയര്‍ നിറച്ച് ഈ ജാക്കറ്റുകള്‍ യാത്രികര്‍ക്ക് സുരക്ഷാ കവചം ഒരുക്കും. നേരത്തെ ഡ്യുക്കാട്ടി, ബിഎംഡബ്യു കമ്പനികള്‍ ഇത്തരം എയര്‍ബാഗുകള്‍ നിര്‍മിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ മോഡലുകളില്‍ മാത്രമാണ് ഈ എയര്‍ബാഗുകള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളു. വാഹന അപകടങ്ങള്‍ കാരണം ഉണ്ടാകുന്ന മരണനിരക്കുകള്‍ നോക്കിയാല്‍ എയര്‍ബാഗ് ജാക്കറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള സാധ്യത അധികം വിദൂരത്തല്ല.






