
എംജി മോട്ടോര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ കോമെറ്റ് സ്വന്തമാക്കിയിരിയ്ക്കുകയാണ് മലയാളത്തിന്റെ യുവ സംവിധായകന് സാജിദ് യഹിയ. 'ഈ കുഞ്ഞ കോമറ്റ് ഇപ്പോള്‍ കുടുംബാംഗം' എന്നാണ് കാറിന്റെ ഡെലിവെറിയെടുത്ത ശേഷം സാജിദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലെ ഡീലര്‍ഷിപ്പിലെത്തിയാണ് സാജിദ് സ്റ്റേറി ബ്ലാക്ക് നിറത്തിലുള്ള എംജി കോമെറ്റ് ഏറ്റുവാങ്ങിയത്. രണ്ട് ഡോറുകളും നാല് സീറ്റുകളുമുള്ള മിനി ഇലക്ട്രിക് കാറാണ് എംജി കോമെറ്റ്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് കാര്‍ കൂടിയാണിത്.
ഈ കോംപാക്റ്റ് ടു ഡോര്‍ ഇലക്ട്രിക് കാര്‍ 7.90 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് എംജി പുറത്തിറക്കിയിരിക്കുന്നത്.പേസ്, പ്ലേ, പ്ലഷ് എന്നീ മൂന്ന് വേരിയന്റുകളില്‍ ഇവി വാങ്ങാം. ഇതില്‍ ഏത് വേരിയന്റാണ് സാജിദ് സ്വന്തമാക്കിയതെന്ന കാര്യം വ്യക്തമല്ല. കൊച്ചിയില്‍ കോമെറ്റിന്റെ എന്‍ട്രി ലെവല്‍ വേരിയന്റായ പേസ് നിരത്തിലെത്തുമ്പോള്‍ 8.40 ലക്ഷം രൂപ വിലയാകും. പ്ലേ വേരിയന്റിനായി 10.15 ലക്ഷം രൂപയും ടോപ് സ്പെക് വേരിയന്റായ പ്ലഷിനായി 10.90 ലക്ഷം രൂപയുമാണ് ഓണ്‍ റോഡ് വിലയായി നല്‍കേണ്ടത്. എംജി കോമറ്റ് EV യുടെ വലിപ്പം നോക്കിയാല്‍ ഇതിന് 2,974 mm നീളവും 1,505 mm വീതിയും 1,613 mm ഉയരവും 2,010 mm വീല്‍ബേസുമുണ്ട്. GSEV പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എംജി കോമറ്റ് ഒരുക്കിയിരിക്കുന്നത്. ബോഡി-ഇന്‍-വൈറ്റ് 17 ഹോട്ട് സ്റ്റാമ്പിംഗ് പാനലുകള്‍ ഉപയോഗിച്ച് സ്ട്രക്ച്ചറല്‍ സേഫ്റ്റി മെച്ചപ്പെടുത്തിയ സോളിഡ് സ്റ്റീല്‍ കൊണ്ടാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ല്, സ്ലീക്ക് ഹെഡ്ലാമ്പുകള്‍, കാറിന്റെ വീതി കവര്‍ ചെയ്യുന്ന എല്‍ഇഡി സ്ട്രിപ്പ്, ബോള്‍ഡ് ബമ്പറുകള്‍ എന്നിവയാണ് ഡിസൈന്‍ ഹൈലൈറ്റുകള്‍.
1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നതെന്ന കാര്യമാണ് കോമറ്റിനെ കസ്റ്റമേഴ്സിനിടയില്‍ പ്രിയങ്കരമാക്കിയത്. 17.3 KWh ബാറ്ററി പായ്ക്കാണ് എംജി കോമെറ്റ് ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ കോമെറ്റ് ഇവി 230 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് എംജി പറയുന്നത്. എംജി കോമെറ്റിന് തുടിപ്പേകുന്ന സിംഗിള്‍ PMS മോട്ടോര്‍ 41.4 bhp പവറും 110 Nm പീക്ക് ടോര്‍ക്കും നല്കുന്നു. 3.3 kW ചാര്‍ജര്‍ ഉപയോഗിച്ച് 7 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. 5 മണിക്കൂറില്‍ 10-80 ശതമാനം ചാര്‍ജാകും. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അടങ്ങുന്ന ഡ്യുവല്‍ 10.25 ഇഞ്ച് സ്ക്രീനുകളാണ് എംജി കോമറ്റ് ഇവി പായ്ക്ക് ചെയ്യുന്നത്. മാനുവല്‍ എസി, ആപ്പിള്‍ ഐപോഡ് പോലെയുള്ള സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്ട്രോളുകള്, ഡിജിറ്റല്‍ കീ, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍ എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍.






