
ബൊളിവിയയില്‍ സ്പൈഡർമാൻ ആകാനുള്ളഒരു എട്ടു വയസ്സുകാരന്റെ ആഗ്രഹം വൻ അപകടം ക്ഷണിച്ചു വരുത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ചിലന്തിയുമായി ഏറ്റുമുട്ടി സൂപ്പർ പവറുകൾ നേടുന്നതിനുള്ള ശ്രമത്തിനിടയിലാണ് കുട്ടിക്ക് ചിലന്തിയുടെ കടിയേല്‍ക്കുകയായിരുന്നു. കുട്ടി വിഷാംശമുള്ള കറുത്ത ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.ഏറ്റുമുട്ടലിലൂടെ സൂപ്പർ പവറുകൾ നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാലൻ ചിലന്തിയെ ആക്രമിച്ചത്.
ബ്ലാക്ക് വിഡോ സ്പൈഡർ ഇനത്തിൽപ്പെട്ട വിഷാംശമുള്ള ചിലന്തിയുടെ കടി ബൊളീവിയയിലെ തന്റെ വീടിനോട് ചേർന്നുള്ള ഒരു നദിക്ക് സമീപത്ത് വച്ചാണ് കുട്ടിക്ക് ഏറ്റത്. തന്റെ കൈപ്പത്തിയുടെ പുറകിൽ ചിലന്തിയുടെ കടിയേറ്റാൽ തനിക്ക് സ്പൈഡർമാനെ പോലെ സൂപ്പർ പവറുകൾ ലഭിക്കുമെന്ന വിശ്വാസത്തിൽ കുട്ടി തന്നെയാണ് ചിലന്തിയെ കടിക്കാൻ അനുവദിച്ചത്.
കടിയേറ്റ് മൂന്ന് മണിക്കൂറോളം കഴിഞ്ഞപ്പോൾ ശരീരത്തിന് കഠിനമായ വേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെ കുട്ടി സംഭവിച്ച കാര്യങ്ങൾ അമ്മയോട് തുറന്ന് പറയുകയായിരുന്നു. അപകടം മനസ്സിലാക്കിയ അമ്മ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സയ്ക്ക് നൽകുന്ന ശിശുരോഗ വിദഗ്ധൻ ഡോ. ഏണസ്റ്റോ വാസ്ക്വസ് മാധ്യമങ്ങളോട് കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും തെന്റ സൂപ്പർ ഹീറോയുടെ സ്വഭാവസവിശേഷതകൾ അനുകരിക്കാനുള്ള നിഷ്കളങ്കമായ ആഗ്രഹമാണ് കുട്ടിയെ അപകടത്തിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






