
ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കാന്റീനിൽ പതിപ്പിച്ച പോസ്റ്റർ വിവാദമാകുന്നു. "വെജിറ്റേറിയൻമാർക്ക് മാത്രമേ ഇവിടെ ഇരിക്കാൻ അനുവാദമുള്ളൂ" എന്നാണ് കാന്റീനിൽ പതിച്ച പോസ്റ്ററിൽ പറയുന്നത്. പോസ്റ്ററിന്റെ ചിത്രം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
കാന്റീനിൽ സസ്യാഹാരികൾക്കും മാംസാഹാരികൾക്കും പ്രത്യേകം പ്രത്യേകം സ്ഥലമാണ് അനുവദിച്ചിട്ടുള്ളതെന്നാണ് ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് . പോസ്റ്ററിന്റെ ചിത്രങ്ങൾ റൈറ്റ് ടു ഫുഡ് എന്ന ട്വിറ്റർ പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. ഐഐടി ബോംബെ പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ കാണുന്ന ഈ നോട്ടീസുകൾ രാജ്യത്തിനും സമൂഹത്തിനും ദുഃഖകരമായ അവസ്ഥയാണെന്നാണ് ചിത്രങ്ങൾക്കൊപ്പം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ആളുകളുടെ ഭക്ഷണ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ള വിവേചനം വിദ്യാഭ്യാസ സ്ഥാപനം കാണിക്കുകയാണെങ്കിൽ, അത്തരം പ്രവൃത്തികളെ ചെറുക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ചിത്രം പങ്കുവെച്ച ട്വിറ്റർ പേജ് ‘റൈറ്റ് ടു ഫുഡ്’ അഭിപ്രായപ്പെട്ടു.
അതേസമയം സംഭവം വിവാദമായതോടെ ഹോസ്റ്റൽ ജനറൽ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തി. വിശദീകരണകുറിപ്പിൽ വെജിറ്റേറിയൻ വിദ്യാർത്ഥികൾക്ക് പ്രത്യേക ഇരിപ്പിടം ഇല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. വെറും തെറ്റിദ്ധാരണകൾ മാത്രമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.






