
ട്രെയിനിലെ രണ്ട് എസി കോച്ചുകളിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ടിക്കറ്റ് എക്സാമിനറെയും സഹായിയെയും യാത്രക്കാര്‍ ട്രെയിനിലെ ശുചിമുറിയിൽ പൂട്ടിയിട്ടു. ടിടിഇ ഹരീഷ് ചന്ദ്ര യാദവിനെയും മറ്റൊരു ജീവനക്കാരനെയുമാണ് പൂട്ടിയിട്ടത്. വെള്ളിയാഴ്ചയാണ്സുഹൈൽദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ സംഭവം നടന്നത്. ദില്ലി ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് ഉത്തർപ്രദേശിലെ ഗാസിപൂരിലേക്ക് പോകുകയായിരുന്നു ട്രെയിന്‍ .
ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെ ട്രെയിനിലെ ബി 1, ബി 2 കോച്ചുകളിലെ ലൈറ്റ് ഓഫ് ആകുകയും വൈദ്യുതി തകരാർ മൂലം എസികൾ പ്രവർത്തന രഹിതമാകുകയും ചെയ്തു. സംഭവം ടിടിഇയെ അറിയിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാനാകാത്തതിനാല്‍ ടിടിഇയെ ശുചിമുറിയിൽ പൂട്ടിയിടുകയായിരുന്നു. അലിഗഡ് ജംഗ്ഷനിൽ രണ്ട് കോച്ചുകളിലെ എസി തകരാറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ട്രെയിൻ നിർത്താത്തതിനാലാണ് യാത്രക്കാർ ക്ഷുഭിതരായത്. തുടർന്ന് റെയിൽവേ പോലീസും ഉദ്യോഗസ്ഥരും ചേർന്ന് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകിയതോടെ ടിടിഇയെ മോചിപ്പിച്ചു.
തുടര്‍ന്ന് ട്രെയിൻ പുലർച്ചെ ഒന്നോടെ തുണ്ട്ല സ്റ്റേഷനിൽ രണ്ട് മണിക്കൂറിലേറെ നിർത്തിവെച്ച് എൻജിനീയർമാരുടെ സംഘം പരിശോധിക്കുകയും തകരാർ പരിഹരിക്കുകയും യാത്ര തുടരുകയും ചെയ്തു. സുഹെൽദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയുടെ ഭാഗമാക്കാൻ എസി പ്രവർത്തനരഹിതമായ ഒരു കോച്ചിനെ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമോയെന്ന കാര്യത്തിൽ റെയിൽവേ വിശദീകരണം നൽകിയിട്ടില്ല.






