
മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാമുമായി ബന്ധപ്പെട്ട ഒരു ഓർമ്മ ഐഎഎസ് ഓഫീസറായ എംവി റാവു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഇപ്പോള്‍ വൈറൽ ആവുകയാണ്.
ഡോക്ടർ എപിജെ അബ്ദുൽ കലാം 2014 -ൽ 'സൗഭാഗ്യ വെറ്റ് ഗ്രൈൻഡർ' എന്ന കമ്പനി സ്പോൺസർ ചെയ്ത ഒരു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിക്ക് ശേഷം അതിെന്റ സംഘാടകർ ഒരു ഗ്രൈൻഡർ അദ്ദേഹത്തിന് സമ്മാനമായി നൽകി. എന്നാൽ, അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. എന്നാല്‍ ഒടുവിൽ സംഘാടകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ഗ്രൈൻഡർ സ്വീകരിച്ചു. തുടർന്ന് അതുമായി മടങ്ങിയെത്തിയ അദ്ദേഹം അടുത്ത ദിവസം ഗ്രൈൻഡറിന്റെ മാർക്കറ്റ് വില എത്രയെന്ന് അന്വേഷിച്ചു. പിന്നീട് സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്നും ആ തുക ഒരു ചെക്കിൽ എഴുതി ചെക്ക് കമ്പനിയിലേക്ക് അയക്കുകയും അത് ബാങ്കിൽ നിക്ഷേപിച്ച് പണം സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ, ആ ചെക്ക് നിക്ഷേപിക്കേണ്ടെന്ന് കമ്പനി തീരുമാനിച്ചു.
എന്നാൽ ഏതാനും ദിവസങ്ങളും കഴിഞ്ഞിട്ടും തന്റെ അക്കൗണ്ടിൽ നിന്നും പണം പോയിട്ടില്ല എന്ന് മനസ്സിലാക്കിയ കലാം വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടു. ചെക്ക് നിക്ഷേപിച്ച് പണം എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും അല്ലെങ്കിൽ താൻ ഗ്രൈൻഡർ തിരികെ നൽകുമെന്നും അദ്ദേഹം വാശി പിടിച്ചു. ഒടുവിൽ അദ്ദേഹത്തിന് സമ്മർദ്ദത്തിനു വഴങ്ങി കമ്പനി ചെക്ക് ബാങ്കിൽ നിക്ഷേപിച്ചു. പക്ഷേ, ആ ചെക്ക് ബാങ്കിൽ നിക്ഷേപിക്കുന്നതിന് മുൻപ് അവർ ചെക്കിന്റെ ഒരു ഫോട്ടോ കോപ്പി എടുത്ത് തങ്ങൾക്ക് ലഭിച്ച ഒരു ബഹുമതി പോലെ സൂക്ഷിച്ചു.
അനർഹമായ ഒരു സൗജന്യങ്ങളും സ്വീകരിക്കരുതെന്നും എല്ലാവരുടെ അധ്വാനത്തിനും വിലയുണ്ടെന്നുമുള്ള പക്ഷക്കാരനായിരുന്നു ഡോക്ടർ എപിജെ അബ്ദുൽ കലാം. എം വി റാവുവിന്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനോടകം തന്നെ വന്‍ ശ്രദ്ധയാണ് നേടിയത്.






