
ഗായിക ബ്രിട്നി സ്പിയേഴ്സും ഭര്‍ത്താവ് സാം അസ്ഗരിയും വേര്‍പിരിയുന്നു. വിവാഹമോചനത്തിനായി സാം കോടതിയെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 14 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ താരവുമായി ഉണ്ടെന്നാണ് സാം വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ താരത്തില്‍ നിന്ന് സാമ്പത്തിക സഹായം വേണമെന്നും പറയുന്നുണ്ട്.
2022 ജൂണ്‍ 9 ന് കാലിഫോര്‍ണിയയില്‍ വെച്ചാണ് ബ്രിട്നിയും സാമും വിവാഹിതരായത്. സലീന ഗോമസ് ഉള്‍പ്പെടെ വന്‍ താരനിരയാണ് ചടങ്ങില്‍ പങ്കെടുത്തത്. നിയമപോരാട്ടത്തിലൂടെ അച്ഛനില്‍ നിന്ന് തന്റെ ജീവിതത്തിന്റെയും സ്വത്തിന്റെയും അധികാരം ബ്രിട്നി തിരിച്ചുപിടിച്ചിരുന്നു. ഇത് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമായിരുന്നു വിവാഹം നടന്നത്.
39 കാരിയായ ബ്രിട്നി മുമ്പ് രണ്ട് തവണ വിവാഹിതയായിട്ടുണ്ട്. 2004 ല്‍ തന്റെ ബാല്യകാല സുഹൃത്തായ ജോണ്‍ അലക്സാണ്ടറെ ലാസ് വെഗാസില്‍ വെച്ച് വിവാഹം കഴിച്ചെങ്കിലും ദമ്പതികള്‍ പെട്ടെന്ന് തന്നെ പിരിഞ്ഞു. അതേ വര്‍ഷം തന്നെ ഡാന്‍സറും രണ്ട് കുട്ടികളുടെ പിതാവുമായ കെവിന് ഫെഡര്ലിനെ വിവാഹം കഴിച്ചു. 2007 ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി.
27 കാരനായ അസ്ഗാരിയെ 2016 ല്‍ ഒരു മ്യൂസിക് വീഡിയോയുടെ സെറ്റിലായിരുന്നു ബ്രിട്നി കണ്ടുമുട്ടിയത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.






