
കാക്കനാട്: കൈമുഴം കൊണ്ട് അളന്ന് മുല്ലപ്പൂവ് വിൽപന നടത്തിയതിന് ആറ് കച്ചവടക്കാർക്കെതിരെ കേസെടുത്തു. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാൽ അളവ് തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. കച്ചവടക്കാരിൽ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കി. മുദ്രവയ്ക്കാത്ത ത്രാസുകളുപയോഗിച്ച് പൂവ് വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു.
ഓണക്കാലത്ത് റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളിൽ ലീഗൽ മെട്രോളജി അപൂർവമായേ പരിശോധന നടത്താറുള്ളൂ. ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുല്ലപ്പൂവ് വില്‍ക്കുന്നത് നിശ്ചത നീളമുളള സ്കെയില്‍ അളന്നോ ത്രാസില്‍ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം .
മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. എന്നാൽ പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വിൽക്കുന്നത്. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ആളുകളുടെ കൈയ്ക്ക് അനുസരിച്ച് പൂമാലയുടെ വലിപ്പവും മാറും. അതിനാൽ സ്കെയിൽ ഉപയോഗിച്ച് അളക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.






