
വൈറൽ കുംഭമേള താരം മോണാലിസയുടെ ഭർത്താവ് ഹർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് കോടതി തള്ളി. കേസന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷ തള്ളപ്പെട്ടതിന് പിന്നാലെ, അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹർമാൻ കേരള ഹൈക്കോടതിയെ സമീപിച്ചു.
മധ്യപ്രദേശിലെ മണ്ഡലേശ്വർ ജില്ലാ സെഷൻസ് കോടതിയാണ് വൈറൽ കുംഭമേള താരം മോണാലിസയുടെ ഭർത്താവ് ഹർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ അന്വേഷണവുമായി ഹർമാൻ യാതൊരു തരത്തിലും സഹകരിച്ചിട്ടില്ലെന്നും, ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
പ്രതി സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. ജാമ്യാപേക്ഷ തള്ളപ്പെട്ടതോടെ ഹർമാനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ മധ്യപ്രദേശ് പൊലീസ് ശക്തമാക്കുമെന്നാണ് സൂചന.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹർമാൻ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.






