
ജൊഹന്നാസ്ബെര്‍ഗ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ന് അനുമോദനം അര്‍പ്പിച്ച് ബ്രിക്സ് ഉച്ചകോടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനിടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്ക്സ് ഉച്ചകോടിയില്‍ ആശംസയും അനുമോദനവും ലഭിച്ചത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാ മഫോസ, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ എന്നിവര്‍ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദനം അറിയിക്കുകയായിരുന്നു. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
വിജയത്തിന്റെ സന്തോഷം പങ്കിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തുകയും ചെയ്തു. വൈകിട്ട് 5.45ന് തുടങ്ങിയ ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യക്ക് അഭിമാന നേട്ടം സ്വന്തമായെന്ന് അദ്ദേഹം വിവരിച്ചു. ദക്ഷിണാഫ്രിക്കിയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി ചന്ദ്രയാന്‍ 3 ന്റെ അഭിമാന നേട്ടത്തില്‍ ഐ എസ് ആര് ഒ ഉദ്യോഗസ്ഥരെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിനന്ദനം അറിയിക്കുകയും ചെയ്തു.ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമൃത് കാലത്തിന്റെ ആദ്യ നേട്ടമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭൂമിയില്‍ സ്വപ്നം കണ്ട്, ചന്ദ്രനില്‍ നടപ്പാക്കിയെന്നും ബഹിരകാശത്തു പുതിയ ഇന്ത്യയുടെ പറക്കലാണ് ചന്ദ്രയാന്‍ 3 ന്റെ വിജയമെന്നും അദ്ദേഹം വിവരിച്ചു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോഴും തന്റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
അതേസമയം വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ സോഫ്റ്റ്ലാന്ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐ എസ് ആര് ഒ ടെലിമെട്രി & ട്രാക്കിംഗ് കമാന്‍ഡ് നെറ്റ് വര്‍ക്കിലെ മിഷന് ഓപ്പറേഷന്‍സ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ് ഭൂമിയില്‍ നിന്നുള്ള സിഗ്നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത്.






