
കാഞ്ഞങ്ങാട്: മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്ക്കാരം നേടിയയാള്‍ 3000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായി. വില്ലേജ് അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് പരിധിയിലെ സി അരുണ്‍, വിലേജ് അസിസ്റ്റന്റ് ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിലെ കെ സുധാകരന് എന്നിവരാണ് പിടിയിലായത്. വില്ലേജ് ഓഫീസര്‍ 2000 രൂപയും അസിസ്റ്റന്റ് 1000 രുപയുമാണ് വാങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി 22 നാണ് റവന്യൂവകുപ്പ് മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്തയാളാണ് അരുണ്‍. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പ്രവാസി നല്കിയ പരാതിയിലാണ് ഇരുവും പിടിയിലായത്. ചിിത്താരി-ചാമുണ്ഡിക്കുന്ന് റോഡില്‍ കൊട്ടിലങ്ങാട്ട് 17.5 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട് കൈക്കൂലി ചോദിച്ചെന്ന് പ്രവാസിയും ചാമുണ്ഡിക്കുന്ന് സ്വദേശിയുമായ എം.അബ്ദുള്ബഷീറാണ് പരാതി നല്‍കിയത്.
വിജിലന്‍സ് പറയുന്നത് അനുസരിച്ച് ചാമുണ്ഡിക്കുന്ന് മുനയംകോട് ഹൗസിലെ എം അബ്ദുല്‍ ബഷീര്‍ തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ പേരില്‍ കൊട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് സ്ഥലം വാങ്ങുന്നതിന് ആറു മാസം മുമ്പ് എഗ്രിമെന്റ ഏര്‍പ്പെട്ടിരുന്നു. ഈ സ്ഥലം മരണപ്പെട്ട മൊയ്തീന് എന്നയാളുടെ പേരിലുള്ളതും വിലേജ് ഓഫീസര്‍ അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളതുമാണ്. ശേഷം സൈറ്റ് പ്ലാനിനും തണ്ടപ്പേര് ലഭിക്കുന്നതിനും വിലേജ് ഓഫീസില്‍ അപേക്ഷ കൊടുത്തപ്പോഴാണ് കൈക്കൂലി ചോദിച്ചത്.
സര്‍ട്ടിഫിക്കറ്റുകള്‍ക്കും തണ്ടപ്പേര് അനുവദിക്കുന്നതിനുമായി അരുണും അസിസ്റ്റന്റ് കെ സുധാകരനും 3,000 രൂപ ആവശ്യപ്പെട്ടു. വിവരം ബഷീര്‍ കാസര്‍കോട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും പരാതി നല്‍കുകയും ആയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഫിനോഫ്തലീന്‍ പൗഡര്‍ പുരട്ടിയ നോട്ട് കൊടുത്തു. ഇത് കൈമാറിയപ്പോള്‍ ഉദ്യോഗസ്ഥര്‍ കയ്യോടെ രണ്ടുപേരെയും പിടികൂടുകയായിരുന്നു.






