
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ക്രെംലിന് വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയാണ് പുട്ടിന് ജി20 ഉച്ചകോടിയില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന സൂചന നല്‍കിയത്. സൈനിക നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നാണ് വിശദീകരണം.
എന്നാല്‍ രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് അറസ്റ്റിന് ഇടയാക്കുമെന്ന് കണ്ടാണ് പുട്ടിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് പുട്ടിന് പങ്കെടുത്തത്. ബ്രിക്സില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് ആണ് പുട്ടിന്റെ പ്രതിനിധീകരിച്ചത്.
യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്നായിരുന്നു അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുക്രെയ്നില്‍ നിന്നു അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് കടത്തി എന്നായിരുന്നു പുട്ടിനെതിരെയുള്ള ആരോപണം. ഐസിസി അംഗത്വമുള്ള രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും. തുടര്‍ന്ന് ഹേഗില്‍ കോടതിയില്‍ പുട്ടിനെ ഹാജരാക്കി വിചാരണ നടത്തും. ഏതെങ്കിലും രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരിക്കെ ഐസിസിയുടെ അറസ്റ്റ് വാറന്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് പുട്ടിന്. അടുത്ത മാസം ആദ്യം ഡല്‍ഹിയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്.






