
തലപ്പുഴ (വയനാട്) : മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയില്‍ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് തേയിലത്തോട്ടം തൊഴിലാളികളായ ഒമ്പതു സ്ത്രീകള്‍ മരിച്ചു. ജീപ്പ് ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു.
തലപ്പുഴ ആറാം നമ്പര്‍ ഭാഗത്തെ തോട്ടം തൊഴിലാളികളായ റാണി(57), ശാന്ത(55), ചിന്നമ്മ(60), ലീല(60), ഷാജ(47), റാബിയ(62), കാര്‍ത്യായനി(65), ശോഭന(55) ചിത്ര(55) എന്നിവരാണ് മരിച്ചത്. ഉമാദേവി(40), ജീപ്പ് െഡ്രെവര്‍ മണി(44), ജയന്തി(45), ലത(38), മോഹനസുന്ദരി (35) എന്നിവര്‍ക്കു പരുക്കേറ്റു.
ഗുരുതര പരുക്കേറ്റ ലതയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു നാലിനായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും സ്ത്രീകളായിരുന്നു.
തേയിലത്തോട്ടങ്ങളില്‍ തേയില നുള്ളുന്നതിനായി തൊഴിലാളികളെ താമസസ്ഥലത്തുനിന്നു തോട്ടങ്ങളിലെത്തിച്ച് ജോലി കഴിഞ്ഞശേഷം തിരികെ എത്തിക്കുകയാണു പതിവ്. തൊഴിലാളികളുമായി വന്ന ജീപ്പ് കണ്ണോത്ത് മലയിലെ ചെങ്കുത്തായ ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നെന്നു ഡ്രൈവര്‍ മണി പറഞ്ഞു. നാട്ടുകാരും മാനന്തവാടിയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും കയര്‍ കെട്ടിയിറങ്ങിയാണ് അപകടത്തില്‍പെട്ടവരെ കൊക്കയില്‍നിന്നു മുകളിലെത്തിച്ചത്.
അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞതാണ് മരണസംഖ്യ ഉയരാന്‍ കാരണം. എല്ലാവര്ക്കും തലയ്ക്കാണു ഗുരുതര പരുക്കേറ്റത്. അപകടത്തില്‍ ജീപ്പ് രണ്ടായി മുറിഞ്ഞു. ദീപു ടീ ട്രേഡിങ് കമ്പനിയുടേതാണ് അപകടത്തില്‍പെട്ട ജീപ്പ്.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മക്കിമല സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം സംസ്കരിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രി എ.കെ. ശശീന്ദ്രന് സ്ഥലം സന്ദര്‍ശിച്ചു.
പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അടിയന്തരമായി നല്കാന് മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്കി. മുഖ്യമന്ത്രി പിണറായി വിജയന്, വയനാട് എം.പി രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചിച്ചു.






