
തിരുവനന്തപുരം: അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സെക്രട്ടറിയേറ്റ് മുന്‍ ഉദ്യോഗസ്ഥന് നന്ദകുമാര്‍ കൊളത്താപ്പിള്ളി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അച്ചുഉമ്മന്‍ പോലീസിലും സൈബര്‍ സെല്ലിലും വനിതാകമ്മീഷനിലും പരാതിയും നല്‍കിയതിന് പിന്നാലെ മാപ്പു പറഞ്ഞത്.
''ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിനു കീഴെ വന്ന പ്രകോപനപരമായ കമന്റുകള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ ഞാന്‍ രേഖപ്പെടുത്തിയ ഒരു കമന്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്ക് അപമാനകരമായി പോയതില്‍ ഞാന്‍ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയില്‍പ്പെട്ടയുടനെ ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു.'' നന്ദകുമാര്‍ പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച സ്നേഹത്തിലും ആദരവിലും ചിലര്‍ അസ്വസ്ഥരാണെന്നും അവര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നെന്നുമായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം.
ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ഒരുപാട് വേട്ടയാടി. അദ്ദേഹം മരിച്ചുപോയതിനാല്‍ ഈ വേട്ടയാടല്‍ തുടരുന്നതിന് കുടുംബത്തെ കരുവാക്കുകയാണെന്നും പച്ച നുണകള്‍ പറഞ്ഞുകൊണ്ടാണ് ഈ വേട്ടയാടലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഇതെല്ലാം ഇവിടുത്തെ ജനങ്ങള്‍ അറിയുന്നുണ്ട്. പുതുപ്പള്ളിക്കാരുടെ മനസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്ക്കോ സ്നേഹത്തിനോ കറപിടിപ്പിക്കാനാകില്ലെന്നും പറഞ്ഞിരുന്നു.






