
സിനിമാ സീരിയല്‍ താരം അപർണ പി.നായർ ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമം നിമിത്തമെന്ന് കുടുംബം. കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ വ്യാഴാഴ്ച വൈകിട്ട് 6നും 7.30നും ഇടയ്ക്കാണ് അപർണ തൂങ്ങി നിൽക്കുന്നതായി അമ്മ കാണുന്നത്. തുടര്‍ന്ന് സഹോദരി ഐശ്വര്യയെ ഇക്കാര്യം അറിയിച്ചതായി എഫ്ഐആറിൽ പറയുന്നു.
ഐശ്വര്യ വീട്ടിലെത്തിയപ്പോൾ അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും എഫ്ഐആറിൽ പറയുന്നു. അപർണയുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു. അമ്മയെ വിഡിയോ കോൾ ചെയ്ത അപർണ, വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് സങ്കടപ്പെട്ടു കരഞ്ഞു. താൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺ കട്ടു ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്.
ഭർത്താവും മകളും അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ കൂടെയുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ആത്മസഖി,ദേവസ്പർശം, ചന്ദനമഴ, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളിലും കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം, അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപര്‍ണ വേഷമിട്ടിട്ടുണ്ട്.






