
കൗതുകമുണര്‍ത്തുന്ന പല വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. എന്നാല്‍ പലപ്പോഴും കാണികള്‍ക്ക് മനസ്സിലാകാത്ത വിധത്തിലുള്ള വിചിത്ര സംഭവങ്ങളും ഇത്തരത്തില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു വര്‍ത്തയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. സംഭവം എന്താണന്നല്ലേ? ഒരു ജാപ്പനീസ് ശാസ്ത്രജ്ഞന് ഒരു വര്‍ഷം മുഴുവനും ഒരു പക്ഷിയുടെ മുഖംമൂടിയും ധരിച്ച് കാട്ടിലൂടെ നടന്ന സംഭവമാണ് ഇത്. പക്ഷികളുടെ കൂടിനടുത്ത് എത്താനും അവയുടെ ഭാഷയെ കുറിച്ച് പഠിക്കാനുമാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. എന്നാല്‍, വര്‍ഷം മുഴുവനും അങ്ങനെ ചെയ്തിട്ടും സംഭവിച്ചത് മറ്റൊന്നാണ്.
ടോക്കിയോ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ തോഷിതക സുസുക്കിയാണ് അടുത്തിടെ ഒരു വലിയ പക്ഷിയുടെ മാസ്കും ധരിച്ച് നില്ക്കുന്ന ഒരാളുടെ വിചിത്രമായ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. അതോടെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. നഗാനോ പ്രിഫെക്ചറിലെ കാടിനകത്തു നിന്നുമാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. സുസുക്കിയുടെ കൂടെയുള്ള ഒരു ശാസ്ത്രജ്ഞനാണ് ചിത്രത്തില്‍. എന്നാല്‍, ആളുടെ പേര് വ്യക്തമാക്കിയിരുന്നില്ല. പക്ഷികളെ പേടിപ്പിക്കാതെ അവയുടെ കൂടുകളുടെ അടുത്തെത്തുന്നതിന് വേണ്ടിയാണ് ശാസ്ത്രജ്ഞന് ഇങ്ങനെ ഒരു വേഷം തിരഞ്ഞെടുത്തതത്രെ. പക്ഷിശാസ്ത്രജ്ഞരും പക്ഷികളെ കുറിച്ച് പഠിക്കുന്നവരും പറയുന്നത് ചില പക്ഷികള്‍ മനുഷ്യമുഖങ്ങള്‍ ഓര്‍ക്കാന്‍ കഴിവുള്ളവരാണ്. ഈ വ്യക്തികള്‍ അടുത്തുവരുന്നത് കാണുമ്പോള്‍ പക്ഷികള്‍ സാധാരണയായി ചിലയ്ക്കുന്നത് നിര്‍ത്തുകയും മറ്റുള്ള പക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രം ചെയ്യുകയും ചെയ്യുമെന്നാണ്.
ഈ ജാപ്പനീസ് ശാസ്ത്രജ്ഞനാണ് എങ്കില്‍ പക്ഷികളുടെ ബ്ലാക്ക്ലിസ്റ്റില് ഇടംപിടിച്ച ഒരാളുമാണ്. അങ്ങനെ താന്‍ അടുത്ത് ചെല്ലുമ്പോള്‍ പക്ഷികള്‍ പരസ്പരം മുന്നറിയിപ്പ് നല്കാതിരിക്കാനും ചിലയ്ക്കുന്നത് അവസാനിപ്പിക്കാതിരിക്കാനും വേണ്ടിയാണ് ശാസ്ത്രജ്ഞന് ഇങ്ങനെ വ്യത്യസ്തമായ ഒരു വേഷം തെരഞ്ഞെടുത്തത്. പക്ഷികളുടെ ഭാഷ പഠിക്കുക എന്നതായിരുന്നു ശാസ്ത്രജ്ഞന്റെ ലക്ഷ്യം. ഒരു ഘട്ടത്തില്‍ പക്ഷികളുടെ സ്വഭാവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചുമെല്ലാം ഗവേഷണം നടത്തുന്ന ഈ ശാസ്ത്രജ്ഞന് പക്ഷികളുടെ കൂടിന്റെ തൊട്ടടുത്ത് വരെ എത്തി അവയുടെ കുഞ്ഞുങ്ങളെ തൂക്കിനോക്കേണ്ടി വന്നിരുന്നു. അതോടെയാണ് പക്ഷികള്‍ ഇയാളെ കാണുമ്പോള്‍ സാധാരണയായിട്ടുള്ള ചിലപ്പ് നിര്‍ത്താന്‍ തുടങ്ങിയതും.
അതുകൊണ്ടാണ് അദ്ദേഹം വേഷം മാറി പക്ഷികളുടെ ഭാഷ പഠിക്കാന്‍ പോകാന്‍ തീരുമാനിച്ചതത്രെ.
എന്നാല്‍, പ്രൊഫ. സുസുകി പറയുന്നത് ഇങ്ങനെയൊക്കെ ചെയ്തുവെങ്കിലും തന്റെ സഹപ്രവര്‍ത്തകന്റെ പരീക്ഷണം ഒരു പരാജയമായിരുന്നു എന്നാണ്. ഈ വേഷമൊക്കെ ധരിച്ചിട്ടു ചെന്നിട്ടും ശാസ്ത്രജ്ഞനെ കാണുമ്പോള്‍ പക്ഷികള്‍ മുന്നറിയിപ്പ് നല്‍കുന്നത് തുടര്‍ന്നു കൊണ്ടിരുന്നുവത്രെ. അങ്ങനെ അവ ചിലക്കാതെയുമിരുന്നു. അതോടെ ശാസ്ത്രജ്ഞന്റെ പഠനം പരാജയമായി.






