
കോഴിക്കോട്: അനുമതിയില്ലാതെ യുവതീയുവാക്കളെ വഞ്ചിച്ചു നടത്തിയ പരിപാടിയെന്ന് ആദ്യ ദിനം പറഞ്ഞ പോലീസ് ഒറ്റ രാത്രിയോടെ നിലപാട് മാറ്റി. ഇതോടെ വിവാദ ഫാഷന്‍ ഷോയ്ക്ക് അനുമതി. കോഴിക്കോട് സരോവരം പാര്‍ക്കില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ കഴിഞ്ഞ മുന്നു ദിവസങ്ങളിലായി നടന്ന ഫാഷന്‍ ഷോയാണു വിവാദമായത്. ഇതേത്തുടര്‍ന്നു ഷോ ഡയറക്ടറെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മത്സരാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ശനിയാഴ്ച രാത്രി ഷോ തടഞ്ഞു. ആവശ്യമായ അനുമതികളൊന്നും ഇല്ലാതെയാണു ഷോ നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ രാത്രി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പോലീസ് ഫാഷന്‍ ഷോയ്ക്ക് വീണ്ടും അനുമതി നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ട് നടന്ന ഷോയില്‍ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുത്തു.
സാമൂഹിക മാധ്യമങ്ങള്‍ വഴി വന്‍ പരസ്യം നല്കി മൂന്നു ദിവസങ്ങളിലായി കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച ഫാഷന്‍ റേയ്സ് എന്ന പരിപാടിയാണ് കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞത്. എന്‍ട്രി ഫീസായി വന്‍ തുക കൈപ്പറ്റിയ ശേഷം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് പറഞ്ഞ് പരിപാടിയുടെ രണ്ടാം ദിവസം മത്സരാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് പരിപാടി നിര്‍ത്തിവയ്പ്പിക്കുകയും ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
മൂന്നാം ദിവസമായ ഇന്നലെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ വീണ്ടും പരിപാടിക്ക് അനുമതി നല്‍കുകയായിരുന്നു.''ഇന്ത്യാസ് ബിഗസ്റ്റ് ഡിസൈനര്‍ ഷോ'' എന്നു പേരിട്ട പരിപാടിയില്‍ ലിംഗ/ പ്രായ/ മുന്‍പരിചയ വ്യത്യാസങ്ങളില്ലാതെ ആര്‍ക്കും പങ്കെടുക്കാമെന്നായിരുന്നു സോഷ്യല്‍ മീഡിയാ പരസ്യങ്ങളിലുണ്ടായിരുന്നത്. ഇവര്‍ക്ക് സണ്ണി ലിയോണിനൊപ്പം റാംപിലെത്താമെന്നും വാഗ്ദാനം നല്കി. ഇതോടെ ആയിരത്തോളം പേരാണു ഷോയില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തത്.
കൊല്ലം സ്വദേശിയായ ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസാണ് എല്ലാം ഏകോപിപ്പിച്ചത്. ഒരാളില്‍നിന്ന് 6000 മുതല്‍ 9000 രൂപ വരെയാണ് എന്‍ട്രി ഫീസായി വാങ്ങിയിരുന്നത്. ഗൂഗിള്‍ പേ വഴി പണമടയ്ക്കാനായിരുന്നു പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭിച്ച നിര്‍ദേശം. ഷോയില്‍ ധരിക്കാനുള്ള വസ്ത്രം, ഭക്ഷണം എല്ലാം ഉള്‍പ്പെടുത്തിയായിരുന്നു പാക്കേജ്. എന്നാല്‍, ആവശ്യമായ വസ്ത്രങ്ങള്‍ പോലും നല്കാന് നടത്തിപ്പുകാര്‍ തയാറായില്ലെന്ന് കാണിച്ച് മത്സരാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെയാണു ശനിയാഴ്ച രാത്രി ഷോ പോലീസ് തടഞ്ഞത്.
നിലവാരമില്ലാത്ത വസ്ത്രങ്ങള്‍ ഒരിടത്ത് അലക്ഷ്യമായി കൂട്ടിയിടുകയും അളവിനൊത്ത് തെരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നെന്ന് ഷോയ്ക്കെത്തിയവര്‍ പരാതിപ്പെട്ടു. ഇന്നലെ രാവിലെയോടെ പ്രശോഭ് കൈലാസിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നു. താന്‍ ഇവിടെ തന്നെയുണ്ടെന്നും ഷോ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നുമായിരുന്നു സന്ദേശം.






