
രാജസ്ഥാനിലെ ഒരു കൊച്ചുഗ്രാമമാണ് ഇപ്പോള്‍ ഏവരെയും അത്ഭുതപ്പെടുത്തുന്നത്. പുള്ളിപ്പുലികളും മനുഷ്യരും ഇവിടെ ഒരുമിച്ചാണത്രെ കഴിയുന്നത്.
ഉദയ്പൂരിനും ജോധ്പൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ബേര എന്ന ഗ്രാമത്തിലാണ് ഇത്തരത്തിലൊരു കാഴ്ച കാണാനാകുന്നത് .മനുഷ്യർക്കും വന്യമൃഗങ്ങൾക്കും സമാധാനപരമായി സഹകരിച്ച് ജീവിക്കാൻ കഴിയുമെന്നതിന് തെളിവായാണ് പലരും ഈ ഗ്രാമത്തെ വിശേഷിപ്പിക്കുന്നത്.
ഇവിടം പുള്ളിപ്പുലികളുടെ പ്രസിദ്ധമായ ഒരു ആവാസ കേന്ദ്രമാണ്, അതേസമയം മനുഷ്യരും ഈ പ്രദേശത്ത് താമസിക്കുന്നു. ഇത്തരത്തിൽ ഒരു സഹവർത്തിത്വം ഉണ്ടാകുന്നതിനുള്ള കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത് പരസ്പര ബഹുമാനവും അംഗീകാരവുമാണ്. ബേരയിലെ നിവാസികൾ അർദ്ധ നാടോടികളായ ഇടയ സമൂഹമായ റബാറികളാണ് . ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇറാനിൽ നിന്ന് കുടിയേറിവരാണ് ഇവർ.
ശിവനെ ആരാധിക്കുന്ന റബാറികൾ, പുള്ളിപ്പുലി കൊലപ്പെടുത്തുന്ന കന്നുകാലികൾ ദൈവത്തിനുള്ള ഭക്ഷണ ബലിയാണെന്നാണ് വിശ്വസിക്കുന്നത്. പുള്ളിപ്പുലികൾക്കും വേട്ടയാടാനുള്ള അവകാശമുണ്ടെന്ന് അവർ അംഗീകരിക്കുന്നു. കൂടാതെ പുള്ളിപ്പുലികളുടെ ഇടങ്ങളിലേക്ക് യാതൊരു വിധത്തിലുള്ള കൈകടത്തലുകളും ഇവർ നടത്തുന്നില്ല. അവയുടെ സ്വൈര്യജീവിതത്തെ തടസ്സപ്പെടുത്താതെയാണ് ഈ ഗ്രാമത്തിലുള്ളവർ തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇത് കൂടാതെ ഈ ഗ്രാമത്തിൻറെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പുള്ളിപ്പുലികൾക്ക് ജീവിക്കാൻ അനുയോജ്യമായ ഇടമായി ബേരയെ മാറ്റുന്നു.






