ദില്ലി: എസ് എസ് രാജമൗലിയുടെ ഹിറ്റ് ചിത്രമായ ആര് ആര് ആറിനെ പുകഴ്ത്തി ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ എത്തിയതായിരുന്നു അദ്ദേഹം. താന്‍ ആര് ആര് ആര് കണ്ടെന്നും ചിത്രം ആകര്ഷികമാണെന്നും ഒരു അഭിമുഖത്തിനിടെയാണ് ലുല പറഞ്ഞത്.
ലുല ആര്‍ആര്‍ആര്‍ സംബന്ധിച്ച് ഫസ്റ്റ്പോസ്റ്റിനോട് സംസാരിക്കവെ പറഞ്ഞത് ഇതാണ്. 'ആര്‍ആര്‍ആര്‍' മൂന്ന് മണിക്കൂര്‍ ഫീച്ചര്‍ ഫിലിമാണ്, ചിത്രത്തില്‍ മനോഹരമായ നൃത്തവും, രസകരമായ അനവധി രംഗങ്ങളുമുണ്ട്. ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും മേലുള്ള ഉണ്ടായിരുന്ന ബ്രിട്ടീഷ് ഭരണത്തെ ചിത്രം ആഴത്തില്‍ തന്നെ വിമര്‍ശന വിധേയമാക്കുന്നുണ്ട്.
ഈ സിനിമ ലോകമെമ്പാടും ഒരു ബ്ലോക്ക്ബസ്റ്റര്‍ ആകണമെന്നാണ് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്. അതിനാല്‍ എന്നോട് സംസാരിക്കാന്‍ എത്തുന്ന പലരോടും ഞാന്‍ ആദ്യം ചോദിക്കുന്നത്. ആര്‍ആര്‍ആര്‍ കണ്ടിട്ടുണ്ടോ എന്നതാണ് ചിത്രത്തിലെ ഡാന്‍സും, രാഷ്ട്രീയവും എല്ലാം ഞാന്‍ ആസ്വദിച്ചു. സിനിമയുടെ സംവിധായകനെയും കലാകാരന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു, കാരണം ഈ ചിത്രം എന്നെ ഏറെ ആകര്‍ഷിച്ചു.ചിത്രത്തിന്റെ സംവിധായകനായ എസ് എസ് രാജമൗലി ഈ വാര്‍ത്തയ്ക്ക് പിന്നാലെ ബ്രസീല്‍ പ്രസിഡന്റ് ലുലയ്ക്ക് എക്സ് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. ഫസ്റ്റ്പോസ്റ്റിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് രാജമൗലി ബ്രസീല്‍ രാഷ്ട്രതലവന് നന്ദി പറഞ്ഞത്.
താങ്കളുടെ നല്ല വാക്കുകള്‍ക്ക് വളരെ നന്ദി. താങ്കള്‍ ഇന്ത്യന്‍ സിനിമയെക്കുറിച്ച് പരാമര്‍ശിക്കുകയും ആര്‍ആര്‍ആര്‍ ആസ്വദിക്കുകയും ചെയ്തു എന്നറിയുന്നത് ഹൃദയസ്പര്‍ശിയായി കാര്യമാണ്. ഞങ്ങളുടെ ടീമിന് ഇതില്‍ അതിയായ ആഹ്ളാദമുണ്ട്. ഞങ്ങളുടെ രാജ്യത്ത് നിങ്ങള്‍ക്ക് എല്ലാം സുഖകരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു - എസ്എസ് രാജമൗലി എക്സ് പോസ്റ്റില്‍ കുറിച്ചത്.






