
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ ശക്തമായ മുന്നറിയിപ്പ് നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് സ്ത്രീകളെ പീഡിപ്പിക്കുകയും അപമാനിക്കുന്നവരെയും 'യമരാജന്' കാത്തിരിപ്പുണ്ടെന്നായിരുന്നു പ്രതികരണം.
ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് വ്യക്തികള്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ട സംഭവത്തെ പരാമര്‍ശിക്കുമ്പോഴായിരുന്നു യോഗിയുടെ പ്രതികരണം. യുപിയിലെ ഗൊരഖ്പൂരില്‍ നടന്ന ഒരു പരിപാടിയ്ക്ക് ഇടയിലായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന. ക്രമസമാധാനപാലനത്തില്‍ ശക്തമായ നിയമ ചട്ടക്കൂടിന്റെ പ്രാധാന്യത്തെക്കുറിച്ചും ആദിത്യനാഥ് ഊന്നിപ്പറഞ്ഞു.
വ്യവസ്ഥിതിയെ തകര്‍ക്കാന്‍ നിയമത്തെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അംബേദ്കര്‍ നഗറില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര് ദുപ്പട്ട വലിച്ചതിനെ തുടര്‍ന്ന് സൈക്കിളില്‍ എത്തിയ വിദ്യാര്‍ത്ഥിനി ബാലന്‍സ് തെറ്റി വഴിയില്‍ വീഴുകയും പിന്നാലെ വന്ന മറ്റൊരുബൈക്ക് അവരുടേ മേലേക്ക് ഇടിച്ചുകയറുകയും ചെയ്യുകയായിരുന്നു.
പ്രതികളെ എല്ലാവരേയും പോലീസ് പിടികൂടി. എന്നാല്‍, ഞായറാഴ്ച കസ്റ്റഡിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികള്‍ക്ക് വെടിയേറ്റതായും ഒരാള്‍ക്ക് കാലിന് പൊട്ടല്‍ ഏറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
ക്ലിപ്പില്‍, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിക്കൊപ്പം സൈക്കിളില്‍ വരുമ്പോള്‍ പുറകില്‍ നിന്ന് ഒരു മോട്ടോര്‍ സൈക്കിള്‍ അവരുടെ അടുത്തേക്ക് വന്നു, ബൈക്കിന്റെ പിന്നിലിരുന്ന യാത്രക്കാരന് അവളുടെ 'ദുപ്പട്ട' ബലമായി വലിച്ചു. തുടര്‍ന്ന് ബാലന്‍സ് തെറ്റി അവര്‍ റോഡില്‍ നില്ക്കുമ്പോള് പിന്നാലെ വന്ന ബൈക്ക് ഇടിച്ചു തെറുപ്പിക്കുകയും ഈ ബൈക്കില്‍ എതിര്‍വശത്ത് നിന്നും വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയും ചെയ്യുന്നതായി കാണാനാകും.






