
ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ സമയത്ത് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ഒരുക്കുന്ന ഒരു വീട്ടമ്മയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പ്രിയ എന്ന ഉപഭോക്താവാണ് എക്സിൽ വൃത്തിയാക്കിയ പച്ചക്കറികളുടെ ചിത്രം സഹിതം ഇക്കാര്യം പങ്കുവെച്ചത്.
ബെംഗളൂരു നഗരത്തിലെ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന കാറിന്റെ മുൻ സീറ്റിൽ വൃത്തിയാക്കി വെച്ചിരിക്കുന്ന പയറിന്റെയും ഗ്രീൻപീസിന്റെയും ചിത്രങ്ങളാണ് ഇവർ പങ്കുവെച്ചത്. ഇവർ 'ട്രാഫിക് ബ്ലോക്കിലും സമയം പാഴാക്കാതിരിക്കാം' എന്ന കുറിപ്പോയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നേരത്തെ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ ഇതുപോലെ ജോലി കഴിഞ്ഞ് വരുന്ന സ്ത്രീകള്‍ പച്ചകറികള്‍ അരിയുന്ന വീഡിയോകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രം സാമൂഹിക മാധ്യത്തില്‍ വളരെ വേഗത്തില്‍ തന്നെ നിരവധി പേരുടെ ശ്രദ്ധനേടി. ഇതിനോടകം ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
ട്രാഫിക് കാലതാമസം, സിഗ്നൽ തടസ്സങ്ങൾ, തിരക്ക്, സമയനഷ്ടം, ഇന്ധന ഉപഭോഗം, അനുബന്ധ ഘടകങ്ങൾ എന്നിവ കാരണം നഗരത്തിന് പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ട്രാഫിക് പ്രശ്നങ്ങൾ ആളുകളുടെ ഉൽപ്പാദനക്ഷമതയെ തടസ്സപ്പെടുത്തുക മാത്രമല്ല, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള കയറ്റുമതിയിൽ വലിയ കാലതാമസം സൃഷ്ടിക്കുകയും ചെയ്യുന്നു.






