
കാസര്‍ഗോഡ്: മോട്ടോര്‍ ബൈക്കില്‍ എത്തി സ്വര്‍ണ്ണ മാല മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിലായി. പാലക്കുന്ന് വെടിത്തറക്കാല്‍ എച്ച്.എം മുഹമ്മദ് ഇജാസ് (24), പനയാല്‍ ചെര്‍ക്കാപ്പാറ ഇബ്രാഹിം ബാദുഷ (25), കുട്ടാളി കുണിയയിലെ അബ്ദുള്‍ നാസര്‍ (24) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തത്.
ഈ മാസം പത്തിന് മടിക്കൈ ചതുരകിണറിലെ മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് സായാ ശാഖയ്ക്ക് സമീപത്ത് അനാദി കട നടത്തുന്ന സി.പി. സുരേഷിന്റെ ഭാര്യ ബേബി (50) യുടെ കഴുത്തില്‍ നിന്ന് മൂന്നു പവന്റെ മാലപറിച്ചെടുത്ത കേസിലാണ് അറസ്റ്റ്. കുപ്പിവെളളം ആവശ്യപ്പെട്ട് കടയില്‍ എത്തിയ ഇവര്‍ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്ന ഉടന്‍ തന്നെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാലകൃഷ്ണന് നായര്‍, ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍, എസ്.ഐ. രാജീവന്, എ.എസ്.ഐ. അബുബക്കര്‍ കല്ലായി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, ഷൈജു മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത്, രജീഷ്, നികേഷ്, ഷാജു, ജിനേഷ്, ഷജീഷ്, പ്രണവ് എന്നിവര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സംഘത്തില്‍പ്പെട്ട അംഗങ്ങള്‍ ജില്ലയിലെ ചെറുവത്തൂര്‍ മുതല്‍ തളങ്കര വരെയുള്ള ഭാഗങ്ങളിലെ സി.സി.ടി.വി. ക്യാമറകളും ഇത്തരം കേസുകളില്‍ സംശയിക്കുന്ന ആളുകളെയും സൂക്ഷ്മ നിരീക്ഷണം നടത്തി വരികയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രാവും പകലുമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 480 ല്‍ അധികം സി.സി.ടി.വി. ക്യാമറകള്‍ സംഘം പരിശോധന നടത്തി. സംഭവം നടന്നു പത്തു ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടാന്‍ പോലീസിനായി.
പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബേഡകം പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട കരുവിഞ്ചിയം എന്ന സ്ഥലത്തു ഫെബ്രുവരി രണ്ടിന് റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസ്, മാര്‍ച്ച് 26ന് ബന്തടുക്ക പടുപ്പ് എന്ന സ്ഥലത്തു ആയുര്‍വേദമരുന്ന് കടയുടെ അകത്തു കയറി മാല പൊട്ടിച്ച കേസ്, ആഗസ്റ്റ് ആറിന് ചേരിപ്പാടി നാഗത്തിങ്കാലില്‍ നടന്ന മാല പൊട്ടിക്കല്‍ കേസ്,
മംഗലാപുരം കങ്കനാടി പോലീസ് സ്റ്റേഷന്, ബന്ദര്‍ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ നടന്ന മൂന്ന് ബൈക്ക് മോഷണം. കോഴിക്കോട് കസബ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ബൈക്ക് മോഷണം എന്നിവ ചെയ്തത് പ്രതികള്‍ ആണെന്ന് തെളിഞ്ഞു.
17-ാം വയസില്‍ മോഷണം തുടങ്ങിയ മുഹമ്മദ് ഇജാസിന്റെ പേരില്‍ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആയി മയക്കുമരുന്ന് വിതരണം ഉള്‍പ്പെടെ ആറു കേസുകള്‍ ഉണ്ട്.
17-ാം വയസില്‍ തന്നെ മോഷണം തുടങ്ങിയ ഇബ്രാഹിം ബാദുഷയുടെ പേരില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കൂടാതെ കര്‍ണാടകയിലെ മംഗലാപുരം എന്നിവിടങ്ങളില്‍ ആയി 12 മോഷണ കേസുകള്‍ ഉണ്ട്.
