
ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ മങ്കൊമ്പിലെ പ്രമുഖ തമിഴ് ബ്രാഹ്മണ കുടുംബങ്ങളിലൊന്നാണ് ഇന്നലെ അന്തരിച്ച പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന് എം.എസ്. സ്വാമിനാഥന്റെ തറവാട്. പൂര്‍വികര്‍ തമിഴ്നാട്ടില്‍നിന്ന് കുടിയേറിയവര്‍. അമ്പലപ്പുഴ രാജാവ് തമിഴ്നാട് സന്ദര്‍ശിച്ചപ്പോള്‍ ക്ഷണിച്ചതനുസരിച്ച് തഞ്ചാവൂര്‍ കൊട്ടാരസദസ്സില്‍ ഒരാളായ ഇഞ്ചി വെങ്കിടാചല അയ്യര്‍ അമ്പലപ്പുഴയിലെത്തി. അദ്ദേഹത്തിന് വേദങ്ങളിലുള്ള അവഗാഹം അറിഞ്ഞ രാജാവ് മങ്കൊമ്പ് അടങ്ങുന്ന പ്രദേശം നല്കി. പിന്നീട് ആ കുടുംബം കൊട്ടാരം കുടുംബം എന്നാണറിയപ്പെട്ടത്. സ്വാമിനാഥന്റെ പിതാമഹനാണ് വെങ്കിടാചല അയ്യര്‍.
കൊട്ടാരം കുടുംബാംഗമായ ഡോ. മങ്കൊമ്പ് കെ. സാംബശിവന്റെയും തങ്കത്തിന്റെയും മകനായി 1925 ഓഗസ്റ്റ് ഏഴിനാണ് എം.എസ്. സ്വാമിനാഥന് ജനിച്ചത്. ബാല്യത്തില്‍ തന്നെ പിതാവ് മരിച്ചതിനാല്‍ വളര്‍ന്നതും പ്രാഥമിക വിദ്യാഭ്യാസം നടത്തിയതും മാതാവിന്റെ സ്വദേശമായ കുംഭകോണത്തായിരുന്നു. കാര്ഷികപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം 1940ല്‍ തിരുവനന്തപുരത്ത് മഹാരാജാസ് കോളജില്‍ (ഇന്നത്തെ സര്‍വകലാശാല കോളജ്) ബിരുദപഠനത്തിന് ചേര്‍ന്നു. തിരുവനന്തപുരത്തെ പഠനകാലത് അദ്ദേഹം അവധിക്കാലം ചെലവിട്ടിരുന്നത് മങ്കൊമ്പിലായിരുന്നു. തുടര്‍ന്നും അദ്ദേഹം അവസരം ലഭിക്കുമ്പോഴൊക്കെ ജന്മനാട്ടിലെത്തുമായിരുന്നു.
പിന്നീട് കോയമ്പത്തൂര്‍ കാര്‍ഷിക കോളജ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ തുടര്‍ പഠനം നടത്തി. 1952 ല്‍ കേംബ്രിജ് സര്‍വകലാശാലയില്‍നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച്. ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി. കൃഷി വരുമാനമാര്ഗമാക്കണമെന്നതിലുപരി, അനേകായിരം കുടുംബങ്ങള്‍ക്ക് വരുമാനം നല്‍കുന്നതരത്തിലും രാജ്യത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാനുതകുന്ന തരത്തിലും കാര്‍ഷികവൃത്തിയെ ശാസ്ത്രീയമായി പരിഷ്കരിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ നയിച്ചതെന്നു പറയാം.
1966ല്‍ മെക്സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമാക്കി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു. പഞ്ചാബിലെ പാടശേഖരങ്ങളില്‍ കനകം വിളഞ്ഞതോടെ ഹരിത വിപ്ലവത്തിന്റെ പിതാവായി അറിയപ്പെട്ടു. ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിക്കുകയും അവ കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ രാജ്യാന്തര തലത്തില്‍ പ്രശസ്തനാക്കിയത്. സ്വാമിനാഥന്റെപരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍നിന്നും കരകയറ്റിയത്.
ഡോ. എം.എസ് സ്വാമിനാഥന് രാജ്യസഭാ എം.പി ആയിരുന്ന കാലഘട്ടത്തില്‍ മങ്കൊമ്പ് അവിട്ടം തിരുനാള്‍ സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് 55 ലക്ഷം രൂപ ചിലവിട്ട് വൊക്കേഷണല്‍ ഹ്യൂമന്‍ ലാബ് നിര്‍മിച്ച് നല്കി. ഇതിന്റെ ഉദ്ഘാടനത്തിനായി 2016 ഫെബ്രുവരി ആറിന് അദ്ദേഹം മങ്കൊമ്പിലെത്തിയതാണ് അവസാന സന്ദര്‍ശനം. മങ്കൊമ്പ് ക്ഷേത്രത്തിലേക്കുള്ള റോഡ് പുനര്‍ നിര്‍മിച്ചതും സ്വാമിനാഥനാണ്.
കുട്ടനാട്ടിലെ ആദ്യകാല ഗ്രാമീണ റോഡുകളില്‍ ഒന്നായിരുന്നു മങ്കൊമ്പ് ക്ഷേത്രം റോഡ്.
മങ്കൊമ്പ് കാവാലം വികാസ് മാര്‍ഗ് റോഡ് നിര്‍മിച്ചതിന് ശേഷം ഈ റോഡുമായി മങ്കൊമ്പ് ക്ഷേത്രം റോഡ് പുനര്‍ നിര്‍മിച്ച് ബന്ധിപ്പിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമാണ്. 2010 ല്‍ രാജ്യസഭാ എം. പി ആയിരുന്ന കാലത്ത് എം.പി ഫണ്ടില്‍നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ പ്രവൃത്തി നടത്തിയത്. മങ്കൊമ്പിലെത്തുമ്പോഴൊക്കെ ക്ഷേത്ര ദര്‍ശനം അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ ക്ഷേത്രത്തില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവൃത്തികളെക്കുറിച്ചു നാട്ടിലുള്ള ബന്ധുക്കളോട് തിരക്കാറുണ്ടായിരുന്നു.






