
ഒരു ഉത്തമഭവനത്തിന്റെ ആത്മാവെന്ന് വിശേഷിപ്പിക്കാവുന്നതാണ് ആ വീടിന്റെ പ്രധാന കിടപ്പുമുറി. അതിനാല്‍ത്തന്നെ വീട് നിര്‍മ്മാണത്തിന് മുമ്പായി വളരെ സൂക്ഷ്മമായി തെരഞ്ഞെടുക്കേണ്ടതാണ് കിടപ്പുമുറിയുടെ സ്ഥാനം. വീട്ടില്‍ താമസിക്കുന്നവരുടെ സ്വസ്ഥത നിയന്ത്രിക്കുന്നത് ഈ മുറിയുടെ സൗമ്യമായ അന്തരീക്ഷമാണ്.
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തെപ്പോലും സ്വാധീനിക്കുവാന്‍ ഈ മുറിക്ക് കഴിയും. എന്നാല്‍ തെറ്റായ സ്ഥാനത്തു വരുന്ന കിടപ്പുമുറികള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെ ശിഥിലമാക്കുന്ന അനുഭവങ്ങള്ക്കിടയാക്കിയേക്കാം.
ഗൃഹനാഥനും നാഥയും ശയിക്കുന്ന മുറിയാണ് പ്രധാന കിടപ്പുമുറിയായി ഗണിക്കുന്നത്. കുടുംബത്തിന്റെ ഭാവിഭാഗധേയം തന്നെ രൂപപ്പെടുന്നതും കിടപ്പുമുറിയില്‍നിന്നു തന്നെയാണല്ലോ. ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ കുടുംബത്തിന്റെ പൊതുവായ കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നതും തീരുമാനത്തിലെത്തുന്നതുമൊക്കെ സാധാരണയായി കിടപ്പുമുറിയിലെ സ്വകാര്യതയിലായിരിക്കും.
കുടുംബത്തിന്റെ പൊതുവായ നിയന്ത്രണത്തിന്റെയും നീതിനിര്‍വ്വഹണത്തിന്റെയും കേന്ദ്രസ്ഥാനമായി മാറുന്ന കിടപ്പുമുറിക്ക് പ്രധാനമായും സ്വച്ഛന്ദമായ ഒരു അന്തരീക്ഷം ഉണ്ടാകണം. നിദ്രാസുഖം ലഭിക്കുന്നതോടൊപ്പം നിദ്രാഭംഗത്തിനിടയാകാത്തവിധവുമായിരിക്കണം കിടപ്പുമുറി ക്രമീകരിക്കേണ്ടത്. അതിനാല്‍ തന്നെ പ്രധാന കിടപ്പുമുറിയുടെ കാര്യത്തില്‍ വാസ്തുശാസ്ത്രം വ്യക്തമായ ചില നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
വീടിന്റെ കന്നിമൂലയിലാണ് പ്രധാന കിടപ്പുമുറി വരേണ്ടത്. ക്ഷേത്ര സങ്കല്പത്തില് കന്നിമൂലയ്ക്ക് പ്രാധാന്യം നല്കുന്നതുപോലെ വീടിന്റെ കാര്യത്തില്‍ കന്നിമൂലയില്ത്തന്നെയാണ് പ്രധാന കിടപ്പുമുറിക്കുള്ള സ്ഥാനവും കല്പിച്ചിട്ടുള്ളത്.
തെക്കുപടിഞ്ഞാറന്‍ കാറ്റ് സുഗമമായി കിടപ്പുമുറിയിലേക്ക് ഒഴുകിയെത്തി കിടപ്പുമുറിയില്‍ തികച്ചും സൗമ്യമായ ഒരു അന്തരീക്ഷമൊരുക്കാനായിരിക്കും ഒരുപക്ഷേ, ആചാര്യന്മാര് കിടപ്പുമുറിക്ക് തെക്കുപടിഞ്ഞാറ് സ്ഥാനം നിര്‍ണ്ണയിച്ചിട്ടുള്ളത്. മറ്റ് കിടപ്പുമുറികള്‍ പടിഞ്ഞാറ്, വടക്ക് ദിക്കുകളിലുമാകാം. കിഴക്കോട്ട് ദര്‍ശനമുള്ള വീടുകള്‍ക്ക് തെക്കും കിടപ്പുമുറിയാകാം. മുകള്‍നിലയിലും ഇതേ സ്ഥാനങ്ങളില്‍ കിടപ്പുമുറികള്‍ നിര്‍മ്മിക്കാവുന്നതാണ്.
കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിനും ദിക്കുകള്‍ കല്പിച്ചിട്ടുണ്ട്. കിടക്കുമ്പോള്‍ തലവയ്ക്കുന്നതിനെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്. വേണം കിഴക്കോട്ട്, വേണ്ടാ പടിഞ്ഞാട്ട്, ആകാം തെക്കോട്ട്, അരുത് വടക്കോട്ട്. കിടക്കുമ്പോള്‍ കാലുകള്‍ പടിഞ്ഞാറു ദിശയിലായാല്‍ മനഃസമാധാനം, കാലുകള്‍ വടക്കുദിശയിലേക്കായാല് ധനവും അഭിവൃദ്ധിയും ഫലം. കാലുകള്‍ തെക്കുദിശയിലേക്ക് വരുന്നത് തീര്‍ത്തും അശുഭകരമാണ്.
പ്രധാന കിടപ്പുമുറിയില്‍ ദമ്പതികളോടൊപ്പം കുട്ടികളെ കിടത്തരുതെന്നും വാസ്തുശാസ്ത്രം പറയുന്നു. കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന കബോര്‍ഡുകള്‍ വടക്കുപടിഞ്ഞാറ്, തെക്കുപടിഞ്ഞാറു ഭാഗങ്ങളില്‍ ആകാം. ഡ്രസ്സിംഗ് ടേബിള്‍ കിഴക്കോ, വടക്കോ ഭാഗത്താകാം. തെക്കുപടിഞ്ഞാറ് ഭാഗത്ത് അലമാര സ്ഥാപിക്കാം. ഈ ഭാഗം ഒഴിവാക്കിയിടരുത്. വാതില്‍ കിഴക്ക്, വടക്ക്, പടിഞ്ഞാറ് ദിക്കുകളില്‍ വരാവുന്നതാണ്. കിടപ്പുമുറിയുടെ സ്ഥാനം വാസ്തുശാസ്ത്രവിധിയനുസരിച്ചല്ലെങ്കില് അത് ചിലപ്പോള്‍ ദാമ്പത്യജീവിതത്തിനുതന്നെ ഹാനികരമാകാമെന്ന കാര്യം ഓര്‍മ്മയില്‍ സൂക്ഷിക്കുക.