
തിരുവനന്തപുരം: നിലവിലെ വൈദ്യുതി നിരക്ക് അടുത്തമാസം 31 വരെ തുടരാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഉത്തരവ്. താരിഫ് വര്‍ധനയ്ക്കുള്ള കെ.എസ്.സി.ബി.യുടെ അപേക്ഷയില്‍ തീരുമാനമായിട്ടില്ല. അതുകൊണ്ടാണ് പഴയ നിരക്കില്‍ തന്നെ തുടരാന്‍ തീരുമാനമെന്നും റെഗുലേറ്ററി കമ്മീഷന് അറിയിച്ചു. ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കിൽ പുതിയ താരിഫ് നിലവിൽ വരുന്നത് വരെ തുടരും.
അതേ സമയം 19 പൈസ സർചാർജ് എന്നുള്ളത് ഈ ഒക്ടോബർ മാസവും തുടരും. വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി വൈദ്യുതി ബോർഡ് മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന് ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. നിരക്ക് വര്‍ധന ഹൈക്കോടതി പൂര്‍ണമായും തടഞ്ഞിട്ടില്ല. കെ.എസ്.സി.ബി.യുടെ ഇരുട്ടടി തല്‍ക്കാലത്തേക്ക് ഒഴിവായി എന്നു മാത്രമാണ് ജനങ്ങളെ സംബന്ധിച്ച് ആശ്വാസം.
ഇതിനിടെ വൈദ്യുതി ബോർഡിനെ കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ ഹർജി. കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ ഒരുങ്ങുന്ന വൈദ്യുതി ബോർഡിന്റെ നടപടി തടയണം എന്നാവശ്യപ്പെട്ടാണ് ഹർജി.
ഊർജ്ജ വകുപ്പ് സെകട്ടറിക്കും വൈദ്യുതി ബോർഡ് സെക്രട്ടറിക്കും ഹർജി പരിഗണിച്ച ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. നവംബർ രണ്ടിന് ഹർജി വീണ്ടും പരിഗണിക്കും.ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കുകയും ഊർജ്ജ വകുപ്പ് സെകട്ടറിക്കും വൈദ്യുതി ബോർഡ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാൻ ഉത്തരവിടുകയും ചെയ്തു.
ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റീസ് ഹാറുൺ അൽ റഷീദും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ നിരക്ക് വർദ്ധനവിലൂടെ പ്രതീക്ഷിക്കുന്ന അധിക വരുമാനം 2,212 കോടി രൂപ ആണെന്നും എന്നാൽ 2022 ഡിസംബർ വരെ വൈദ്യുതി ബോർഡിന് പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക 3,030 കോടി രൂപയാണന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.






