
ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിയ്ക്കുകയാണ് ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത അവയില്‍ നല്‍കിയിട്ടുള്ള യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകളാണ്. ആദ്യമായിട്ടാണ് ഇത്തരം ചാര്‍ജിങ് പോര്ട്ടമായി ഐഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങുന്നത്. പുതിയ ഐഫോണ്‍ 15 സീരീസിലെ ഡിവൈസുകള്‍ വാങ്ങിയാല്‍ ലൈറ്റ്നിങ്ങ് കേബിളിന് പകരം യുഎസ്ബി ടൈപ്പ് സി കേബിള്‍ ഉപയോഗിക്കാം. എന്നാല്‍, ആന്‍ഡ്രോയിഡ് ഫോണുകളുടെ കേബിളുകള്‍ പുതിയ ഐഫോണുകളില്‍ ഉപയോഗിക്കരുതെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് ഫോണുകളുടെ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് ഉപയോഗിച്ചാല്‍ ഐഫോണുകള്‍ അമിതമായി ചൂടാകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ഐഫോണ്‍ 15 ഉപയോക്താക്കള്‍ അമിതമായി ചൂടാകുന്ന പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ചില ആളുകള്‍ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ തൊടാന്‍ സാധിക്കാത്ത വിധം ചൂടാകുന്നതായും അറിയിച്ചിട്ടുണ്ട്.
ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ഫോണ്‍ ചൂടാകുന്നതിന് കാരണം ആന്‍ഡ്രോയിഡ് യുഎസ്ബി-സി ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതാണെന്നാണ്. അതുകൊണ്ട് തന്നെ ആന്‍ഡ്രോയിഡ് ഫോണുകളുടെ യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍ പുതിയ ഐഫോണുകളില്‍ ഉപയോഗിക്കരുതെന്ന് ചൈനയിലെ ആപ്പിള്‍ സ്റ്റോറുകള്‍ ഉപയോക്താക്കളെ നിര്‍ദേശിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഫോണ്‍ 15 ചാര്‍ജ് ചെയ്യാന്‍ ആന്‍ഡ്രോയിഡ് യുഎസ്ബി-സി കേബിളുകള്‍ ഉപയോഗിക്കരുതെന്ന് ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഫോഷാനിലുള്ള ആപ്പിള്‍ സ്റ്റോര്‍ ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചതായി ഗിസ്മോ ചൈനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ഇന്റര്‍ഫേസുകളുടെയും വ്യത്യസ്ത സെറ്റപ്പുകള്‍ കാരണമാണ് ഐഫോണുകള്‍ അമിതമായി ചൂടാകുന്നതെന്ന് സ്റ്റോര്‍ ജീവനക്കാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ വ്യകതമാക്കുന്നത്.
ഐഫോണ്‍ 15 സീരീസ് മോഡലുകള്‍ ചൂടാകുന്നത് സംബന്ധിച്ച് ആപ്പിള്‍ ഔദ്യോഗികമായി അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. പുതിയ ഐഫോണുകള്‍ക്കായി യുഎസ്ബി-സി ചാര്‍ജിങ് കേബിളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. ആപ്പിളിന്റെ ഔദ്യോഗിക ഗൈഡില്‍ ആപ്പിള്‍-ബ്രാന്‍ഡഡ് കേബിളുകളുടെയും ചാര്‍ജിങ് അഡാപ്റ്ററുകളുടെയും ഉപയോഗത്തെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി കേബിളുകളും പവര്‍ അഡാപ്റ്ററുകളും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഐഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും ആപ്പിളിന്റെ ഗൈഡില്‍ പറയുന്നുണ്ട്.






