
ന്യൂഡല്‍ഹി: സിനിമയ്ക്ക് അനുമതികിട്ടാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന നടന് വിശാലിന്റെ ഗുരുതരമായ ആരോപണത്തില്‍ പ്രതികരണവുമായി ദേശീയ സെന്‍സര്‍ബോര്‍ഡ്. സെന്‍സര്‍ബോര്‍ഡിന്റെ മുഖം വികൃതമാക്കാന്‍ ഒരു അഴിമതിയേയും അനുവദിക്കില്ലെന്നും നടന്റെ ആരോപണത്തെ വളരെ ഗൗരവത്തോടെ പരിഗണിക്കുന്നതായും സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കി.
അഴിമതി ആരോപണം വിശാല്‍ പരസ്യമായി നടത്തിയതിന് തൊട്ടുപിന്നാലെയാണ് തങ്ങളുടെ പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡും രംഗത്ത് വന്നത്. സിനിമയുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സര്ട്ടിഫിക്കേഷന് സംവിധാനം നിലവിലുണ്ട്. ചിത്രത്തിന് 'പുതിയ സിസ്റ്റം മെച്ചപ്പെടുത്തലുകളെക്കുറിച്ചുള്ള പതിവ് അപ്ഡേറ്റുകള്' ഉണ്ട്. എന്നാല്‍ നിര്‍മ്മാതാക്കളും അപേക്ഷകരും, ഇപ്പോഴും ഇടനിലക്കാരോ ഏജന്റുമാരോ മുഖേന അപേക്ഷിക്കുന്ന രീതിയാണ് തെരഞ്ഞെടുക്കുന്നത്. ഇത്തരം പ്രവണതകള്‍ സര്ട്ടിഫിക്കേഷന് പ്രക്രിയയില്‍ മൂന്നാം കക്ഷിയുടെ പങ്കാളിത്തം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
'ഏറ്റവും കുറഞ്ഞ മനുഷ്യ ഇടപെടലിന് ഊന്നല്‍ നല്കി അതിവേഗതയുള്ള ഡിജിറ്റൈസേഷന്, സമ്പൂര്‍ണ്ണ പ്രോസസ്സ് ഓട്ടോമേഷന്‍, എന്നിവ നടപ്പിലാക്കിയതോടെ, ഇടനിലക്കാരുടെ/ഏജന്റുമാരുടെ ഇടപെടല്‍ ഗണ്യമായി കുറഞ്ഞു, എന്നിരുന്നാലും, ചില പ്രദേശങ്ങളില്‍ ഈ രീതി ഇപ്പോഴും നിലനില്ക്കുന്നു, ഇത് സര്ട്ടിഫിക്കേഷന് പ്രക്രിയയുടെ സുതാര്യതയുടെയും സുഗമമായ പ്രവര്‍ത്തനത്തിന്റെയും ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നു. സിബിഎഫ്സി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
തന്റെ മാര്‍ക്ക് ആന്റണി സിനിമയുടെ ഹിന്ദി പതിപ്പുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് രണ്ട് വ്യക്തികളുടെ പേര് പറഞ്ഞുകൊണ്ട് നടന് വിശാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിസംബോധന ചെയ്യുന്ന നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇത് ഭരണകക്ഷിയായ ബിജെപിയുടെ അതിവേഗ പ്രതികരണത്തിന് കാരണമായിരുന്നു.






