
നാടന്‍പാട്ടുകളോട് പൊതുവേ ഇഷ്ടം പ്രകടിപ്പിക്കുന്നവരാണ് മലയാളികള്‍. അത് കേള്‍ക്കാനും ആസ്വദിക്കാനും ഹരം പിടിക്കാനുമൊക്കെ മലയാളികള്‍ക്ക് ഏറെയിഷ്ടമാണ്. നാടന്‍പാട്ടുകളോടുള്ള അതേ ഇഷ്ടം മലയാളികള്‍ക്ക് അത് എഴുതുകയും പാടുകയും ചെയ്യുന്ന കലാകാരന്മാരോടുണ്ട്. അടുത്തിടെ 350 ഓളം ഗാനങ്ങളെഴുതിയ പ്രശസ്ത നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചിരുന്നു. ഇപ്പോഴിതാ അറുമുഖനെക്കുറിച്ചുള്ള ഒരു കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. മണിച്ചേട്ടന്റെ നാടൻപാട്ടുകളെല്ലാം അദ്ദേഹം തന്നെ ആണ് എഴുതിയത് എന്ന ധാരണയില്‍ ഈ അടുത്തിടെ ഒരു ഇന്റര്‍വ്യൂയില്‍ താന്‍ പരാമര്‍ശിച്ചിരുന്നെന്നും എന്നാല്‍ കലാഭവൻ മണിച്ചേട്ടന്റെ ആദ്യകാലത്തെ പ്രശസ്തമായ നാടൻ പാട്ടുകള്‍ എഴുതിയിരുന്നത് ശ്രീ.അറുമുഖൻ വെങ്കിടങ്ങാണെന്നുള്ളത് അറിഞ്ഞത് വൈകിയാണെന്നുമാണ് ഒമര്‍ ലുലു കുറിച്ചത്. ‘‘കലാഭവൻ മണിച്ചേട്ടന്റെ നാടൻപാട്ടുകളെല്ലാം അദ്ദേഹം തന്നെ ആണ് എഴുതിയത് എന്ന ധാരണയിൽ ഈ അടുത്തിടെ ഒരു ഇന്റർവ്യൂയിൽ ഞാൻ അത്തരമൊരു പരാമർശം നടത്തിയിരുന്നു .എന്നാൽ കലാഭവൻ മണിച്ചേട്ടന്റെ ആദ്യകാലത്തെ പ്രശസ്തമായ നാടൻ പാട്ടുകൾ എഴുതിയിരുന്നത് ശ്രീ.അറുമുഖൻ വെങ്കിടങാണെന്നുള്ളത് പിന്നീടാണ് ഞാൻ അറിയുന്നത്.മുന്നൂറ്റമ്പതോളം ഗാനങ്ങൾ രചിച്ച അദ്ദേഹം അതിൽ ഇരുന്നൂറോളം ഗാനങ്ങൾ എഴുതിയിരിക്കുന്നത് മണിചേട്ടന് വേണ്ടിയാണ് .അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലി രേഖപ്പെടുത്തുന്നതോടൊപ്പം ആ തെറ്റ് തിരുത്തിക്കൊണ്ട് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു...’’ എന്നാണ് അറുമുഖന്റെ ചിത്രത്തിനൊപ്പം ഒമര്‍ ലുലു കുറിച്ചത്.
സിനിമകള്‍ക്കും ഗാനങ്ങള്‍ എഴുതിയിരുന്നു അറുമുഖൻ. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മീശമാധവന്’ സിനിമയിലെ ‘ഈ എലവത്തൂര് കായലിന്റെ’ എന്ന് തുടങ്ങുന്ന അതിമനോഹര ഗാനവും അറുമുഖന്റെ സൃഷ്ടികളില്‍ ഒന്നാണ്.






