
അമേരിക്കയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ജര്‍മ്മന്‍കാരോട് മോശമായി പെരുമാറുകയും അവരെ ചീത്തവിളിക്കുകയും തങ്ങളുടെ രാജ്യത്ത് നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്ത അമേരിക്കക്കാരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സ്ത്രീ ട്രെയിനില്‍ നടത്തിയ കാട്ടിക്കൂട്ടലുകളുടെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇവരെ പണിയില്‍ നിന്നും പറഞ്ഞുവിട്ടത്.
ദ ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, ക്യാപിറ്റല്‍ ആര്എക്സിലെ ടാലന്റ് അക്വിസിഷന്‍ സ്പെഷ്യലിസ്റ്റായ ബ്രിയാന പിന്നിക്സിനാണ് പണി കിട്ടിയത്. ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള ന്യൂജേഴ്സി ട്രാന്‍സിറ്റ് ട്രെയിനില്‍ ജര്‍മ്മന്‍ വിനോദ സഞ്ചാരികളായി തോന്നുന്ന ഒരു കൂട്ടം പുരുഷന്മാര്ക്ക് നേരെ ഇവര്‍ അക്രമാസക്തമായി പെരുമാറുകയായിരുന്നു. ജര്‍മ്മന്‍ ജനതയോട് അമേരിക്ക വിടണമെന്നും ഇവരെ നമ്മുടെ രാജ്യത്ത് നിന്ന് പുറത്താക്കൂ എന്നുമെല്ലാം ആക്രോശിക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അവരെ സ്ഥാനത്തുനിന്നും പുറത്താക്കിയതായി ക്യാപിറ്റല്‍ ആര്‍എക്സിന്റെ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 'മുന്‍വിധിയോ വിവേചനപരമോ ആയ പെരുമാറ്റത്തിനെതിരെ ഞങ്ങളുടെ കമ്പനിക്ക് സഹിഷ്ണുതയില്ലാത്ത നയമുണ്ട്. സാഹചര്യങ്ങള്‍ അവലോകനം ചെയ്ത ശേഷം, ഞങ്ങള്‍ ഉടന്‍ തന്നെ പ്രവര്‍ത്തിക്കുകയും സംശയാസ്പദമായ ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തു,' വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ''മുന്‍ ജീവനക്കാരന്റെ പ്രവര്‍ത്തനങ്ങളും വാക്കുകളും ക്യാപിറ്റല്‍ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്നതല്ല എന്നും മുറിവേറ്റവരോട് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.'' അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വീഡിയോയില്‍, സ്ത്രീ ജര്‍മ്മന്‍ വ്യക്തികള്‍ക്ക് നേരെ ശബ്ദം ഉയര്‍ത്തുന്നതും അവളുടെ പങ്കാളി ഇടപെട്ട് അവളെ ശാന്തമാക്കുന്നതും കാണാം. അവന്റെ ഇടപെടലിനെ തുടര്‍ന്ന് അവള് സീറ്റിലേക്ക് മടങ്ങി. എന്നിരുന്നാലും, കുറച്ച് സമയത്തിന് ശേഷം, അവള് പെട്ടെന്ന് എഴുന്നേറ്റ് അവളുടെ പൊട്ടിത്തെറി പുനരാരംഭിച്ചു. അവഹേളനപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും അവരെ മോശം വാക്കുകള്‍ വിളിക്കുകയും ചെയ്തു.






