
മലയാളത്തിന് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഈ സംവിധായകനൊപ്പമുള്ള സിനിമ ആഗ്രഹിക്കുന്നതാണ്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായ സിബി മലയിലിനൊപ്പമുള്ള പൃഥ്വിരാജിന്റെ ഒരു സിനിമ ഏതൊരു പ്രേക്ഷകനും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ഈ കൂട്ടുകെട്ടില്‍ ഇതുവരെ സിനിമകളൊന്നും വന്നിട്ടില്ല. രഞ്ജിത് സംവിധാനം ചെയ്ത് പൃഥ്വിരാജ്, നവ്യ നായര്‍ എന്നിവര്‍ പ്രധാന കാഥാപാത്രങ്ങളായി എത്തിയ നന്ദനം എന്ന സിനിമയിലെ ‘കാര്‍മുകില്‍ വര്‍ണന്റെ’ എന്നുതുടങ്ങുന്ന ഗാനം ഷൂട്ട് ചെയ്തത് സിബി മലയിലായിരുന്നു. എന്നാല്‍, സിനിമകളൊന്നും സംഭവിച്ചില്ല. അതിനെക്കുറിച്ച് സിബി മലയില്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ അതേ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘‘ഞങ്ങളുടെ റിലേഷനില്‍ ഒരു വിള്ളല്‍ സംഭവിച്ചു. അത് ഒരിക്കലും നൂറു ശതമാനം എന്റെ കുറ്റം കൊണ്ടല്ല. എന്നാല്‍ പൃഥ്വി വിചാരിച്ചിരിക്കുന്നത് അങ്ങനെയാണ്. അമൃതം എന്ന സിനിമയിലേക്ക് ജയറാമിന്റെ അനിയന്റെ റോളിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് പൃഥ്വിരാജിനെ ആയിരുന്നു. പ്രൊഡ്യൂസറും കഥാകൃത്തുമാണ് പൃഥ്വിയോട് കഥ പറയാൻ പോയത്. എന്നാല്‍ പൃഥ്വിയുടെ പ്രതിഫലം കൂടുതലായതിനാല്‍ അവരോട് പറഞ്ഞത് നിങ്ങളുടെ ബഡ്ജറ്റില്‍ ആ ക്യാരക്റ്റര്‍ ചെയ്യാൻ ശ്രമിക്കൂ എന്നാണ്. അതിനും ബുദ്ധിമുട്ടാണെങ്കില്‍ വേറെ ആരെയെങ്കിലും നോക്കാമെന്നും ഞാൻ പറഞ്ഞു. പക്ഷേ പൃഥ്വിയും അവരും തമ്മില്‍ ഒരു ധാരണയിലെത്തിയില്ല. അദ്ദേഹം വിചാരിച്ചിരിക്കുന്നത് ഞാനാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ്. ആ കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതൊരു അകല്‍ച്ചയായി ഇപ്പോഴും കിടക്കുന്നു.
അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സെല്ലുലോയിഡിലെ പ്രകടനത്തിന് ലഭിച്ചപ്പോള്‍ അതിന് നിര്‍ണായക തീരുമാനമെടുത്ത വ്യക്തി ഞാനായിരുന്നു. എന്റെ അഭിപ്രായമാണ് ജൂറി ഗൌരവത്തില്‍ എടുത്തത്. എനിക്ക് ആരോടും പിണക്കമില്ല, പക്ഷേ പല സമയത്തും എനിക്ക് വിഷമമുണ്ടാക്കിയ നിലപാടുകള്‍ അദ്ദേഹം എടുത്തിട്ടുണ്ട്...’’ സിബി മലയില്‍ പറയുന്നു.
അഭിനേതാവെന്ന നിലയില്‍ മാത്രമല്ല സംവിധായകനായും മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന കലാകാരനാണ് പൃഥ്വിരാജ്. താരത്തിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്റെ ശക്തമായ കഥാപാത്രമായിരുന്നു ലൂസിഫറിലേത്. അതുകൊണ്ടു തന്നെ രണ്ടാം ഭാഗത്തിനു വേണ്ടിയും ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.






