സ്റ്റോക്ക്ഹോം: ഈ സീസണിലെ അവസാന നൊബേല്‍ സമ്മാനവും പ്രഖ്യാപിച്ചു. യു.എസ് സാമ്പത്തിക ചരിത്രകാരിയും ശാസ്ത്രജ്ഞയുമായ ക്ലൗഡിയ ഗോള്ഡിന് ആണ് പുരസ്കാരം സ്വന്തമാക്കിയത്. മാര്‍ക്കറ്റില്‍ വനിതാ തൊഴിലാളികളുടെ ഭാവി സംബന്ധിച്ച പഠനത്തിനാണ് പുരസ്കാരം. നൂറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് മാര്‍ക്കറ്റിലുള്ള പങ്കാളിത്തവും സമ്പാദനവും സംബന്ധിച്ച് ആദ്യമായി ഒരു സമഗ്ര പഠനത്തിന് വിധേയമാക്കിയത് ക്ലൗഡിയ ഗോള്ഡിന് ആണെന്ന് പുരസ്കാര സമിതി വിലയിരുത്തി. മാറ്റത്തിന്റെ കാരണങ്ങളും അവശേഷിക്കുന്ന ലിംഗ വ്യത്യാസത്തിന്റെ കാരണങ്ങളും അവരുടെ ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലോക തൊഴില്‍ മാര്‍ക്കറ്റില്‍ സ്ത്രീകളെ താഴ്ത്തിയാണ് കാണുന്നത്. അവര്‍ ചെയ്യുന്ന ജോലിക്ക് പുരുഷനെ അപേക്ഷിച്ച് കുറച്ച വേതനമാണ് ലഭിക്കുന്നതെന്നും ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. 200 വര്‍ഷങ്ങളുടെ സ്ഥിതിവിവരക്കണക്കുകളാണ് പഠനത്തിനായി ക്ലൗഡിയ ഗോള്ഡിന് ശേഖരിച്ചത്. തൊഴില്‍ നിരക്കിലും വേതനത്തിലും ഉണ്ടാകുന്ന ലിംഗ വ്യത്യാസം എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും അവര്‍ വിവരിക്കുന്നുവെന്നും സമിതി വിലയിരുത്തി.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേല്‍ ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസിന് ലഭിച്ചിരുന്നു. പോരാട്ടങ്ങളുടെ പേരില്‍ 31 വര്‍ഷത്തെ തടവുശിക്ഷ ജയിലില്‍ അനുഭവിക്കുന്നതിനിടെയാണ് പുരസ്കാരം തേടിശയത്തുന്നത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിലെ പുരസ്കാരങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.
1968ലാണ് സ്വീഡന്റെ കേന്ദ്ര ബാങ്ക് സാമ്പത്തിക പുരസ്കാരം നല്‍കുന്നത്. ബാങ്ക് ഓഫ് സ്വീഡന് പ്രൈസ് ഇന്‍ ഇക്കണോമിക് സയന്‍സസ് ഇന്‍ മെമ്മറി ഓഫ് ആല്‍ഫ്രഡ് നൊബേല്‍ എന്നും ഈ പുരസ്കാരത്തിന് പേരുണ്ട്. ഇതുവരെ പുരസ്കാരം നേടിയ സാമ്പത്തിക വിദഗ്ധരില്‍ രണ്ട് പേര് മാത്രമാണ് വനിതകള്‍. 11 മില്യണ്‍ സ്വിഡീഷ് ക്രൗണ്‍സ് (999,137 ഡോളര്‍- 8,31,87,197 ഇന്ത്യന്‍ രൂപ ) ആണ് പുരസ്കാരത്തുക.






