
കൊച്ചി: തെങ്ങുകളെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കോള്‍ സെന്റര്‍ സജ്ജമാക്കി നാളികേര വികസന ബോര്‍ഡ്. ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയില്‍ തന്നെയാണ് കോള്‍ സെന്ററും ക്രമീകരിച്ചിരിട്ടുള്ളത്. ഇവിടെ 700ഓളം തെങ്ങുകയറ്റക്കാരുടെ സേവനമാകും ലഭ്യമാകുക. ഇതോടെ തേങ്ങയിടാന്‍ ആളെ കിട്ടില്ലെന്ന പരാതിക്കും തെങ്ങിന്റെ ചങ്ങാതിമാര്‍ എന്ന കോള്‍ സെന്ററിലൂടെ പരിഹാരമാകും. കോള്‍ സെന്റര്‍ പ്രവര്‍ത്തനത്തിലൂടെ തെങ്ങിന്റെ ചങ്ങാതിമാരെയും കേര കര്‍ഷകരെയും കര്‍ഷക കൂട്ടായ്മകളെയും സംരംഭകരെയും കൃഷി ഉദ്യോഗസ്ഥരെയും കേര മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളെയും കോര്‍ത്തിണക്കി പ്രവര്‍ത്തനം സുഗമമാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.
സംസ്ഥാനത്ത് ഇതുവരെ 1552 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ തുടങ്ങിയ തലങ്ങളിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നുതളിക്കല്‍, വിത്തുതേങ്ങകള്‍ കണ്ടെത്തല്‍ തുടങ്ങിയവയ്ക്കെല്ലാം കോള്‍ സെന്ററിലൂടെ സഹായം ലഭ്യമാകും. സഹായം ലഭിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ കൃഷിയിലേക്ക് മടങ്ങിവരാന്‍ സധയ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. പുതുതലമുറയില്‍പെട്ടവര്‍ തെങ്ങുകയറ്റം തൊഴിലായി സ്വീകരിക്കാത്തതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുള്ളത്. പ്രശ്നം പരിഹരിക്കുന്നതിനും യന്ത്രസഹായത്തോടെയുള്ള തെങ്ങുകയറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി നാളികേര വികസന ബോര്‍ഡ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി ആവിഷ്കരിച്ച് പരിശീലനം നല്‍കിയിരിക്കുന്നത്.
അിലേന്ത്യാതലത്തില് 66,814 പേര് പരിശീലനം നേടിയപ്പോള്‍ കേരളത്തില്‍ 1646 ബാച്ചുകളിലായി 32,926 പേരാണ് പരിശീലനം നേടിയത്. നാളികേര ഉത്പാദക കൂട്ടായ്മകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയായിരുന്നു പരിശീലനങ്ങള്‍. പരിശീലനം നേടിയവര്‍ക്ക് സൗജന്യമായി യന്ത്രങ്ങളും വിതരണം ചെയ്തു. എന്നാല്‍ പരിശീലനം നേടിയവരില്‍ പലരും ജോലി തുടരാന്‍ താത്പര്യം കാട്ടിയില്ല. ഇതിനു പരിഹാരം കാണാനാണ് കോള്‍ സെന്ററിനു രൂപം നല്‍കിയത്. തെങ്ങുകൃഷി കൂടുതലുള്ള ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ ഇടങ്ങളിലും ഉടന്‍ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.






