
ന്യൂഡല്‍ഹി: ഇന്ത്യ തേടുന്ന കൊടുംഭീകരന് ഷഹീദ് ലത്തിഫ് (41) ചൊവ്വാഴ്ച പാകിസ്താനിലെ സിയകോട്ടില് ഒരു മോസ്കില്‍ അജ്ഞാതരാല്‍ കൊല്ലപ്പെട്ടു. 2016ല്‍ പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനാണ് ഷഹീദ് ലത്തീഫ്.
ജമ്മു കശ്മീരില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കു പിന്നിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി തേടിക്കൊണ്ടിരുന്ന ഇയാള്ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ കമാന്‍ഡര്‍ ആയിരുന്നു. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന് നേരത്തെ അറസ്റ്റിലാവുകയും 16 വര്‍ഷത്തോളം തടവില്‍ കിടന്നശേഷം 2010ല്‍ പാകിസ്താനിലേക്ക് നാടുകടത്തുകയുമായിരുന്നു.
1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി-814 തട്ടിക്കൊണ്ടുപോയ ഭീകരര്‍ ജെയ്ഷ് ഇ മുഹമ്മദ് ഭീകരന് മൗലാന മസൂദ് അസര്‍ അടക്കമുള്ളവരെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് 154 യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. എന്നാല്‍ അന്ന് ജെയ്ഷെയുടെ പട്ടികയില്‍ ഉണ്ടായിരുന്ന ലത്തീഫ് അടക്കമുള്ള 31 പേരെ വിട്ടയക്കാന്‍ വാജ്പേയ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പിന്നീട് 2010ല്‍ പാകിസ്താനുമായുള്ള കരാറിന്റെ പുറത്താണ് യുപിഎ സര്‍ക്കാര്‍ ലത്തീഫ് അടക്കം 24 ഭീകരരെ മോചിപ്പിച്ചത്.






