
രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്ക് നല്കുന്ന മാന്യത നമ്മള് നാടുകാക്കുന്ന പോലീസുകാര്‍ക്ക് നല്‍കാറുണ്ടോ? കൈക്കൂലിക്കാരും ക്രിമിനല്‍ ബന്ധമുള്ളവരും ശമ്പളംകിട്ടാന് വേണ്ടി ജോലിയായി മാത്രം കാണുന്നവരുമായ 80 ശതമാനം പോലീസുകാരോടും നാട്ടുകാര്‍ക്ക് താല്‍പ്പര്യം ഉണ്ടാകാനിടയില്ല. എന്നാല്‍ ഇവരുടെ നിഴലിലായി പോകുന്ന സത്യസന്ധതയുള്ള കറയില്ലാതെ പ്രവര്‍ത്തിക്കുന്ന ജോലിയുടെ മാന്യത യൂണിഫോം ഊരിയാലും പരിപാലിക്കുന്ന കേസന്വേഷണവും കുറ്റവാളികളെ പിടികൂടുന്നതും ഉള്‍പ്പെടെ ആസ്വദിച്ച് ജോലി ചെയ്യുന്ന 20 ശതമാനം പേരുടെ കാര്യമാണ് പറയുന്നത്. ഇവര്‍ക്ക് നാം എന്ത് മര്യാദയാണ് നല്‍കാറ്?
മമ്മൂട്ടി നിര്‍മ്മിച്ച് റോബി വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന 'കണ്ണൂര്‍ സ്ക്വാഡ്' അര്‍പ്പണബോധമുള്ള ആദരവും ബഹുമാനവും കിട്ടേണ്ട അത്തരം 20 ശതമാനം പോലീസുകാരുടെ കഥയാണ്. തീര്‍ച്ചയായും 2 മണിക്കൂറും 45 മിനിറ്റും നീണ്ടുനില്‍ക്കുന്ന റീയലിസ്റ്റിക് മൂഡും സിനിമാറ്റിക് മൂഡും ഒരുമിച്ച് കൊണ്ടുപോകുന്ന ഒരു തകര്‍പ്പന്‍ സിനിമ ഇത് വാഗ്ദാനം ചെയ്യുന്നു. ഒരു മിനിറ്റ് പോലും ലാഗ് ചെയ്യിക്കാത്ത ഒന്നാന്തരം ആക്ഷന്‍ രംഗങ്ങളും ഫോട്ടോഗ്രാഫിയും വാഗ്ദാനം ചെയ്യുന്നു ഒരു മികച്ച സിനിമാനുഭവം.
ശരിയാണ്.... മമ്മൂട്ടിക്ക് കൊമ്പുണ്ട്
മമ്മൂട്ടി താങ്കള്‍ എന്തൊരു മനുഷ്യനാണ്? സിനിമയുടെ സബ്ജെക്ട് തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അടുത്തകാലത്ത് മമ്മൂട്ടി പുലര്‍ത്തുന്ന സുക്ഷ്മത ഉജ്വലമാണ്. നവാഗതരും യുവാക്കളുമായ സിനിമാപ്രവര്‍ത്തകരേക്കാള്‍ ചെറുപ്പവും സിനിമാ വീക്ഷണവും മമ്മുട്ടി പുലര്‍ത്തുന്നതാണ് കണ്ണൂര്‍ സ്ക്വാഡ് പോലെയുള്ള സിനിമകള്‍ സംഭവിക്കാന്‍ കാരണം. മെത്തേഡ് ആക്ടിംഗിന്റെ സൂഷ്മതലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മമ്മൂട്ടിയുടെ സിനിമാ വേഷങ്ങള്‍ മാതൃകയാണ്. അദ്ദേഹത്തിന്റെ അഭിനയമികവ് കാലത്തിനൊത്ത് സഞ്ചരിക്കുന്നു. അഭിനയം എന്നാല്‍ ബിഹേവിയറര് ആയി മാറിയ കാലത്തിന്റെ വീക്ഷണമാണ് കണ്ണൂര്‍ സ്ക്വാഡിലെ മമ്മൂട്ടിയുടെ ജോര്‍ജ്ജ് മാര്ട്ടിന്. ലുക്കിലും വര്‍ക്കിലും ഇടിവെട്ട് പെര്‍ഫോമെന്‍സ്.
തനിയാവര്‍ത്തനത്തിലെ ബാലന്മാഷില് നിന്നും അമരത്തിലെ അച്ചൂട്ടിയിലേക്കും അവിടെ നിന്നും നന്‍പകല്‍ നേരത്തു മയക്കത്തിലെ ജെയിംസിലേക്കും കണ്ണൂര്‍സ്ക്വാഡിലെ ജോര്‍ജ്ജിലേക്കും എത്തുമ്പോള്‍ മമ്മൂട്ടിയുടെ അഭിനയതലം ഘട്ടംഘട്ടമായി മാറുന്നത് കൃത്യമായി റീഡ് ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും കാലവും സമയവും അനുസരിച്ച് പ്രകടനത്തിന്റെ മിതത്വത്തിലൂടെയാണ് ശാന്തനും ഗംഭീരനുമായ ജോര്‍ജ്ജിലേക്ക് മമ്മൂട്ടി പരകായ പ്രവേശം നടത്തുന്നത്. മമ്മൂട്ടി സിനിമയില്‍ വിസ്മയിപ്പിക്കുക തന്നെയാണ് സംശയമില്ല. പലരും പറഞ്ഞുപഴകി തേഞ്ഞുപോയിട്ടുള്ള ആ വാചകം വീണ്ടും പറയട്ടെ. ''എഴുപതുകളിലും നാല്‍പ്പതുകളുടെ ചുറുചുറുക്കും ഭാവതീവ്രതയും അഭിനയത്തില്‍ മമ്മൂട്ടി പ്രതിഫലിപ്പിക്കുന്നു. സിനിമയോടുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനിവേശം തലമുറകള്‍ക്ക് പാഠപ്പുസ്തകമാണ്.''
ഇത്രയും ഏരിയല്‍ ഷോട്ടുകളുടെ ആവശ്യമുണ്ടോ?
ക്യാമറാമെന്‍ സംവിധായകനാകുന്നതിന്റെ ഗുണമാണ് കണ്ണൂര്സ്ക്വാഡിന്റെ ദൃശ്യചാരുത. കഥയുടെ മര്മ്മഭാഗത്തെല്ലാം ഇടയ്ക്കിടെ വന്നുപോകുന്ന സിനിമയിലെ ഏരിയല്‍, ലോംഗ് വൈഡ് ആംഗിള്‍ ഷോട്ടുകള്‍ പ്രത്യേകിച്ചും മുകളില്‍ നിന്നുള്ള കാഴ്ചകളില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും റോഡുകളുടേയും ഭംഗി കണ്ടിറങ്ങുമ്പോഴും മനസ്സില്‍ ഫ്രെയിം ചെയ്ത് ചില്ലിട്ടിരിക്കും. കാട്ടിലും മറ്റും ചിത്രീകരണത്തിനായി ഉപയോഗിച്ചിട്ടുള്ള ലൈറ്റിംഗും കളര്‍ടോണും സിനിമയുടെ മൂഡ് വെയ്ക്കുന്ന ഗൗരവത്തിന്റെ രീതി കൂട്ടുന്നുണ്ട്. സംവിധായകന് റോബിവര്ഗ്ഗീസ് ക്യാമറാഅസിസ്റ്റന്റായി തുടങ്ങിയയാളാണ്. ചെന്നൈയിലെ മൈന്ഡ്സ്ക്രീന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാജീവ് മേനോന്റെ കീഴില്‍ ഛായാഗ്രഹണം പഠിച്ച അദ്ദേഹം ജോമോന് ടി. ജോണിനെയും ലോഗനാഥന് ശ്രീനിവാസനെയും സഹായിയായിട്ടുണ്ട്.








