
പാരീസിലെ തെരുവുകളില്‍ ജനം വീടുകളില്‍ നിന്നുള്ള കിടക്കകളും സോഫകളും മറ്റ് കുഷ്യന് നിറച്ച ഇരിപ്പിടങ്ങളും കൊണ്ട് തള്ളുകയുണ്ടായി. ഇതിന്റെ കാരണമാണ് രസകരം. സഹിക്കാന്‍ വയ്യാത്ത മൂട്ട കടി ! അതും പാരീസ് ഒളിമ്പിക്സിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ.
വേനല്‍ക്കാലത്ത് ആദ്യം മൂട്ട ശല്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നഗരത്തിലെ ഹോട്ടലുകളിലും വാടക അപ്പാര്‍ട്ടുമെന്റുകളിലുമാണ്. പിന്നാലെ തീയറ്ററുകളിലും ട്രെയിനുകളിലും എന്തിന് പാരീസ് മെട്രോയില്‍ പോലും മൂട്ട കാരണം ആളുകള്‍ക്ക് ഇരിക്കാന്‍ വയ്യാത്ത അവസ്ഥയായി. തുടര്‍ന്ന് മെട്രോ ട്രെയിനിലെ യാത്രക്കാര്‍ ഇരിക്കുകയോ ബാഗുകള്‍ വയ്ക്കുകയോ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശവുമായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ വരെ ഇറങ്ങി. മൂട്ടയ്ക്കെതിരെ ഉപയോഗിക്കാവുന്ന, ലഭ്യമായ എല്ലാ മരുന്നുകളും ഉപയോഗിക്കപ്പെട്ടെങ്കിലും മൂട്ട മാത്രം കിടക്കവിട്ട് പോയില്ല. ഇതോടെ ജനത്തിന് കിടക്ക തന്നെ ഉപേക്ഷിക്കേണ്ടി വന്നു.
1950 ലും 2017 ലും 2022 ലും പാരീസില്‍ മൂട്ട ശല്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നത്തേതിനേക്കാള്‍ ഇരട്ടിയാണ് ഇത്തവണത്തെ മൂട്ട ശല്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയര്‍ന്ന ജനസാന്ദ്രതയും ഗതാഗത സംവിധാനത്തിലെ വളര്‍ച്ചയും മൂട്ടയെ രാജ്യം മൊത്തം വ്യാപിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ തദ്ദേശീയര്‍ ഫ്രാന്‍സിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളാണ് മൂട്ടയെയും കൊണ്ട് വന്നതെന്നും ചിലര്‍ വാദമുയര്‍ത്തി.
അസഹ്യമായ മൂട്ട ശല്യത്തെ തുടര്‍ന്ന് പാരീസ് സിറ്റി ഹാൾ, പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോട് അടിയന്തര നടപടി കൈക്കൊള്ളാന്‍ അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.






