
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാട് കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച കലാകാരനാണ് ജഗദീഷ്. ഒരു കോളജ് പ്രൊഫസര്‍ കൂടിയായ ജഗദീഷിനെ ചിരിച്ചു മാത്രമേ എപ്പോഴും പ്രേക്ഷകര്‍ കണ്ടിട്ടുള്ളൂ. പലപ്പോഴും പല അഭിമുഖങ്ങളിലും ഭാര്യയെ കുറിച്ച് വാചാലനാകാറുണ്ടായിരുന്നു ജഗദീഷ്. തന്റെ രണ്ടു പെൺമക്കളും ഡോക്ടർമാരായതിന്റെ പൂർണ്ണ ക്രെഡിറ്റും രമയ്ക്ക് മാത്രമാണെന്ന് അഭിമാനത്തോടെ ജഗദീഷ് പറയുമായിരുന്നു. എതിർ ദിശയിൽ ചിന്തിക്കുന്ന രണ്ടുപേർ ആയിരുന്നിട്ടും അത് അങ്ങനെ തന്നെ ഒത്തൊരുമയോടെ അംഗീകരിക്കാൻ കഴിയുന്നതാണ് അവരുടെ ദാമ്പത്യത്തിന്റെ വിജയമെന്നും പലപ്പോഴും താരം പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ പ്രിയപ്പെട്ട പത്നിയുടെ ഓര്‍മ്മയില്‍ വിതുമ്പുകയാണ് പ്രേക്ഷകരുടെ പ്രിയ താരം. മ്യൂസിക് റിയാലിറ്റി ഷോ ആയ ‘സ്റ്റാര്‍ സിംഗര്‍’ വേദിയിലാണ് ജഗദീഷ് ഭാര്യ രമയെ കുറിച്ച് സംസാരിച്ചത്. ആ ഷോയില്‍ ജഡ്ജാണ് കെ.എസ്.ചിത്ര. ‘‘രമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക എന്ന് പറയുന്നത് ചിത്രയാണ്. ചിത്രയുടെ ആ പാട്ടാണ് കോളര്‍ ട്യൂണായിട്ട് വച്ചിട്ടുള്ളത്. കാതില്‍ തേന്മഴയായ് എന്ന പാട്ട്. ആ പാട്ട് എന്നെ സംബന്ധിച്ചിടത്തോളം ഇഷ്ടം എന്നതിനപ്പുറം എന്റെ മനസ്സില്‍ ഒരു നൊമ്പരമാണ്. സംഗീതത്തിനു നമ്മളെ വേറെ ഒരു ലോകത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും. രമ ഒരു ആര്‍ഡെന്റ് ഫാന്‍ ആണ് ചിത്രയുടെ...’’ കണ്ണീരൊളിപ്പിച്ച് വിതുമ്പലോടെ ജഗദീഷ് പറഞ്ഞു. ജഗദീഷ് പറയുന്നതു കേട്ട് ചിത്രയും നെടുവീര്‍പ്പിടുന്നുണ്ട്. അതിനു ശേഷം രമയ്ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ‘കാതില്‍ തേന്മഴയായ്’ എന്ന ഗാനം ചിത്ര പാടുന്നുമുണ്ട്. ആ സമയത്ത് അകാലത്തില്‍ മറഞ്ഞ പ്രിയപ്പെട്ടവളുടെ ഓര്‍മ്മയില്‍ ജഗദീഷിന്റെ കണ്ണു നിറയുന്നതും വീഡിയോയില്‍ കാണാം. ചിത്ര പാടിയ പതിനായിരക്കണക്കിനു പാട്ടുകൾ പതിനായിരം വട്ടം കേട്ടാലും അതെന്നും പുതുമ നിറഞ്ഞ അനുഭവമാണ്. ജഗദീഷ് പറയുന്നതിനൊപ്പം ചിത്രയുടെ പാട്ട് കൂടി കേള്‍ക്കുമ്പോള്‍ ആരുടെ കണ്ണും ഈറനണിയും.






